MY Books

പവിത്രേശ്വരന്റെ പെണ്ണുങ്ങൾ!.

പവിത്രേശ്വരന്റെ പെണ്ണുങ്ങൾ

ഇതിഹാസം മറന്നുകളഞ്ഞ, അരികുവത്കരിച്ച സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ചിന്തകളാണ് ഈ കഥകൾ എഴുതുവാനുള്ള പ്രേരണ. പുരുഷന്മാർ അരങ്ങുനിറഞ്ഞാടിയ കഥകളിൽ ഉപകരണങ്ങളും ഉപഗ്രഹങ്ങളും മാത്രമായിപ്പോയ സ്ത്രീകൾക്കും ജീവിതവും കിനാവുകളും ഉണ്ടായിരുന്നിരിക്കണം. വ്യാസൻ അർദ്ധവിരാമങ്ങളിൽ നിറുത്തിയ സ്ത്രീകളെ കുറിച്ചും, നിഴലുകളായി വന്നുപോയ സ്ത്രീകളെക്കുറിച്ചും വലിയ ചർച്ചകളോ വിശദീകരണങ്ങളോ സാംസ്കാരികയിടങ്ങളിൽ പോലും നടന്നു കാണാറില്ല. കഥാപാത്രങ്ങളുടെ അതിപ്രസരം കാരണം അവസരം കിട്ടതെപ്പോയതാകും എന്നുകരുതി സമാധാനിക്കാൻ ശ്രമിക്കുമ്പോഴും, അത്തരം സ്ത്രീകഥാപാത്രങ്ങളുടെ മനസികവ്യാപാരങ്ങൾ അറിയാനൊരു കൗതുകം.

 

മഹാഭാരതം അധികരിച്ചു എഴുതിയ കഥകളുടെ സമാഹാരമായ ‘പവിത്രേശ്വരന്റെ പെണ്ണുങ്ങൾ’ കുരുക്ഷേത്രം ചമച്ചവർ മനഃപൂർവ്വം വിട്ടുകളഞ്ഞ സ്ത്രീകളിലൂടെയുള്ള യാത്രയാണ്.

 

വായന സമ്മാനിച്ച ഏറ്റവും വലിയ ദുഷ്ടകഥാപാത്രത്തിന്റെ ചെയ്തികളുടെ മറുപാതിയിൽ ഗാന്ധാരമഹാരാജാവ് സുബലന്റെ പുത്രൻ സൗബലനും, നിശ്ശബ്ദരായിരുന്ന ഇതിഹാസനാരികളും നേർരേഖയിൽ വന്നാലെന്ത് സംഭവിക്കുമെന്ന ചിന്തകളിൽ നിന്നായിരുന്നു കഥകളുടെ ജനനം. നിഴലായിപ്പോയവർ നിറഞ്ഞാടിയ കാഴ്ചകൾ കഥകളിലൂടെ അനാവരണം ചെയ്യുവാനുള്ള ശ്രമത്തിന്റെ തുടക്കമാണ് പവിത്രേശ്വരന്റെ പെണ്ണുങ്ങൾ.

തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം

നിനവിൽ ഗൃഹാതുരത്വം നിറയ്ക്കുന്ന ഓർമ്മകളെ, അതിശയോക്തിയോടെ കേട്ടറിഞ്ഞ പുരാവൃത്ത ജീവിതങ്ങളെ, സങ്കൽപ്പിച്ചു കൂട്ടിയ കഥകളെ എല്ലാം പെറുക്കിക്കൂട്ടി അടുക്കിവെയ്ക്കുകയാണിവിടെ.

 

കഥകൾക്കും ഭ്രമങ്ങൾക്കും കൂട്ടുവരുവാൻ പാകത്തിൽ പലതും ചുറ്റുവട്ടത്ത് തന്നെയുണ്ടായിരുന്നു. അതിലൊന്നായിരുന്നു പാറമുകളിൽ തലയുയർത്തി നിന്നിരുന്ന പാലമരം. ഭയത്തെ ഗന്ധം ആവേശിച്ച ദിവസമാണ് ആദ്യമായി പാലയുടെ സാമീപ്യമറിഞ്ഞത്. പാലയുടെ ഉയരത്തിൽ നിന്നും അടർന്നു വീണുകൊണ്ടേയിരുന്ന പൂക്കളിൽ പറ്റിപ്പിടിച്ചിരുന്ന ചെറുതേനീച്ചകൾ മുടിയിലും കൈകളിലും ഇരമ്പിയാർത്ത് ഒട്ടിപ്പിടിച്ചു. അജ്ഞാതമായ ഉൾപ്രേരണയാൽ കൈ നിറയെ പൂക്കളെടുത്ത് മണപ്പിച്ച നിമിഷം ആ ഗന്ധത്തിൽ പെട്ടുപോയി.

 

മഴപോലെ പെയ്‌തിറങ്ങിയ മഞ്ഞിൽ കുളിച്ചു‌, പാലപ്പൂക്കളാൽ പൊതിയപ്പെട്ടു പുനർജ്ജനിച്ച നാളിലാണ് നാടിന്റെ കഥകൾ തേടിയെത്തിയത്.


കൊണ്ടും കൊടുത്തും ജീവിച്ചിരുന്ന ചട്ടമ്പിമാരുടെ വീരകഥകൾ.


അതിജീവനം എന്തെന്ന് കാട്ടിത്തന്ന പെണ്ണുങ്ങളുടെ അത്ഭുതപ്പെടുത്തുന്ന ജീവിതങ്ങൾ.


ലഹരിയുടെ ആസ്ഥാനമായി അധഃപതിച്ചുപോയ ജനതയുടെ കണ്ണുനീരിന്റെ പോരാട്ടത്തിന്റെ ചരിത്രങ്ങൾ.


വിശ്വാസവും ഐതീഹ്യവും കൂടിക്കുഴഞ്ഞ മാടൻതമ്പുരാന്റെ നടയിലെ ദ്രാവിഢപ്പെരുമയുള്ള ആചാരങ്ങൾ.


ഇവയെല്ലാം അടുക്കിപ്പെറുക്കി വെച്ചതാണ് ഈ പുസ്തകത്തിലെ കാഴ്ചകൾ.

 

ഭയന്നും, പ്രണയിച്ചും, മോഹിച്ചും, വിരഹിച്ചും നടന്ന വഴികളിൽ പാലപ്പൂക്കൾ കൊണ്ട് പരവതാനി വിരിയിച്ചു തന്ന നാടിനുള്ള ഉപഹാരമാണ് ഈ പുസ്തകം.