കഴിഞ്ഞ ഇരുപത്തിനാല് വർഷങ്ങളായി ഗൾഫിലെ വിവിധ രാജ്യങ്ങളിലെ എണ്ണഖനന മേഖലയിൽ ജോലി ചെയ്തുവരുന്നു. മനഃശാസ്ത്രത്തിൽ ബിരുദവും, മെറ്റീരിയൽ മാനേജ്മെന്റിൽ ഡിപ്ലോമയും, പ്രോജക്ട് മാനേജ്‌മെന്റിൽ എക്സിക്യൂട്ടീവ് എം ബി എയുമാണ് വിദ്യാഭ്യാസ യോഗ്യതകൾ. തിരുവനന്തപുരമാണ് സ്വദേശം.
അണ്ടൂർക്കോണത്ത് അച്ഛന്റെ വീട്ടിലും പൂജപ്പുരയിൽ അമ്മയുടെ വീട്ടിലുമായിരുന്നു ബാല്യകാലം. ഉണ്ണുവാനും ഉറക്കുവാനുമായി കുഞ്ഞമ്മമാർ പറഞ്ഞു തന്നിരുന്ന കഥകളിലെ ആനയേയും അഞ്ചുകണ്ണനെയും കിനാവ് കണ്ടുറങ്ങിയിരുന്ന കാലം കഥകളെ സ്വന്തമാക്കുവാൻ പഠിപ്പിച്ചു.
കഥകൾ സമ്മാനിച്ച ഭയങ്ങളിലൂടെയാണ് ബാല്യവും കൗമാരവും കടന്നത്. ഭൂമിയിലേക്ക് ഞാന്നു കിടക്കുന്ന വേരുകളിലൂടെ മണ്ണിന്റെ ചോരയൂറ്റിയെടുക്കുന്ന ഭീമാകാരനായ അരയാലും, നാഗത്താൻ കാവിലെ മരങ്ങളെ ചുറ്റിപ്പിണഞ്ഞ വള്ളികളും, പൊഴിഞ്ഞു വീണ കരിയിലകൾക്കിടയിൽ പതുങ്ങിയിരുന്ന് നിലവിളിക്കുന്ന ചീവിടുകളും, കുളമാങ്ങ തേടി നടക്കുന്നതിനിടയിൽ അരികിലൂടെ പാഞ്ഞുപോയിരുന്ന കീരികളും ഭയങ്ങളുടെ ഹേതുവായിരുന്ന കാലം.
ആരുടെയെല്ലാമോ വീടുകളിൽ അതിഥിയായോ അധികപ്പറ്റായോ കഴിഞ്ഞുകൂടിയിരുന്ന കൗമാര യൗവ്വനങ്ങളെ അതിജീവിച്ചത് അച്ഛൻ കഥകളുടെ കൈപിടിച്ചായിരുന്നു. സൗദിയിലെ മരുഭൂമിയിൽ നിന്ന് മധുരവും മണവുമായി വിരുന്നുവന്നിരുന്ന അച്ഛനായിരുന്നു കൗമാരകഥകളിലെന്നും നായകൻ. പാലിൽ പൊന്നുരച്ചു ചേർത്താണ് പഞ്ഞിപ്പാൽ നാവിലേക്കിറ്റിച്ചു തന്നതെന്ന സാക്ഷ്യത്തിൽ നിന്നാണ് അച്ഛനെത്ര മധുരമാണെന്നറിഞ്ഞത്.
അണ്ടൂർക്കോണത്തെ നഴ്‌സറിയിലെ അയിഷത്ത് ടീച്ചർ പറഞ്ഞു തന്ന കഥകൾ, അണ്ടൂർക്കോണം എൽ പി സ്‌കൂളിലെ ഭാസ്കരൻ സാർ ചൊല്ലിപ്പഠിപ്പിച്ച കഥകൾ, പോത്തൻകോട് യു പി എസിലെ വേണുഗോപാലൻ സാർ ഉപദേശമായി തന്ന കഥകൾ, ഉള്ളൂർ ടെക്നിക്കൽ ഹൈസ്‌കൂളിലെ സഹപാഠികൾ പങ്കുവെച്ചിരുന്നു കഥകൾ, ചെമ്പഴന്തി എസ് എൻ കോളേജിലെ വരാന്തകൾ സമ്മാനിച്ച കഥകൾ, ഗൾഫിലെ മണൽക്കാടുകളിലെ ക്യാമ്പുകളിൽ കണ്ടുമുട്ടിയ പലദേശക്കാരായ മനുഷ്യർ ഉരുക്കഴിച്ച ജീവിതകഥകൾ. വായിച്ചതും, അറിഞ്ഞതും, പറഞ്ഞതും, കേട്ടതുമായ കഥകൾ ചുറ്റിലുമിങ്ങനെ വിലയിച്ചു കിടക്കുകയാണ്. നൂറായിരം കഥകൾക്കിടയിൽ ജീവിക്കുമ്പോൾ എഴുതാതിരിക്കുവാൻ കഴിയില്ലെന്നതാണ് സത്യം. പതിനേഴാം വയസ്സിൽ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചുവെങ്കിലും എഴുത്താണ് വഴിയെന്ന് തിരിച്ചറിയുവാൻ നാൽപ്പത്തിയഞ്ച് വയസ്സുവരെ കഥകൾക്കൊപ്പം നടക്കേണ്ടി വന്നു.
അക്ഷരം തെറ്റാതെ വായിക്കുവാൻ തുടങ്ങിയ നാളുകളിൽ മനസ്സിൽ കയറിയ കഥാപാത്രമാണ് ശകുനി. പ്രതികാരത്തിന്റെ മൂർത്തീഭാവമായ ശകുനങ്ങളുടെ ഉടയോനെ തിരഞ്ഞ് പലവുരു ഇതിഹാസതാളുകൾ മറിച്ചിട്ടുണ്ട്, നമ്മുടെ നാട്ടിൽ ശകുനിയെ പൂജിക്കുന്ന ക്ഷേത്രമുണ്ടെന്ന അറിവിൽ നിന്നാണ് സുബലപുത്രനായ സൗബലൻ പ്രതികാരമൂർത്തിയായ കഥയുടെ കാരണങ്ങൾ തിരയുവാൻ തുടങ്ങിയത്. അങ്ങിനെയാണ് ഇതിഹാസം മറന്നുകളഞ്ഞ പത്ത് സ്ത്രീകളിലൂടെ ശകുനിയെ തിരയുകയെന്ന ലക്ഷ്യത്തിന്റെ നാന്ദികുറിക്കലായി എഴുതിയ പത്ത് കഥകളുടെ സമാഹാരമായ പവിത്രേശ്വരന്റെ പെണ്ണുങ്ങൾ എന്ന പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പുസ്തകത്തിന്റെ ജനനം.
ഭയന്നും, പ്രണയിച്ചും, മോഹിച്ചും, വിരഹിച്ചും നടന്ന വഴികളിൽ പാലപ്പൂക്കൾ കൊണ്ട് പരവതാനി വിരിയിച്ചുതന്ന സ്വന്തം നാടിനുള്ള ഉപഹാരമാണ് രണ്ടാമത്തെ പുസ്തകമായ തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം എന്ന നോവൽ.