22 Apr വെളുപ്പാൻകാലത്തെ നൊസുകൾ
വാതിലിന്റെ കൈപിടിയിൽ ആരോ പിടിച്ചു തിരിക്കുന്ന ഒച്ച കേട്ടാണ് ഉണർന്നത്..
തല തിരിച്ചു നോക്കുന്നതിന് മുൻപേ; വാതിൽ മെല്ലെ തുറന്നടഞ്ഞു..
കുറച്ചു നേരം നിശബ്ദത, ആരോ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന പോലൊരു തോന്നലുണ്ടായി; ഹേയ്, വെളുപ്പാൻ കാലത്ത് ഇതിനകത്തേക്ക് ഇടിച്ചു കയറി വരാനുള്ള ധൈര്യം ആർക്കുമില്ല.
വിശ്വാസം അതല്ലേ എല്ലാം എന്ന് അന്നാരും പറഞ്ഞിട്ടില്ലാത്തത് കൊണ്ടും, ഉറക്കത്തിന്റെ സുഖം ഉപേക്ഷിക്കാൻ മനസ്സില്ലാത്തത് കൊണ്ടും, കണ്ണ് തുറന്ന് ബുദ്ധിമുട്ടാൻ നിന്നില്ല.
നേർത്ത ശബ്ദത്തിൽ, ചിതറി വീഴുന്ന പാദസ്വരങ്ങളുടെ ഒച്ച അടുത്ത് അടുത്ത് വരാൻ തുടങ്ങി, തൊട്ടടുത്തായി ആരുടേയോ വസ്ത്രങ്ങൾ ഉലയുന്ന ശബ്ദം.
കണ്ണുകൾ മലർക്കെ തുറന്നു..
തൊട്ടുമുന്നിൽ അവൾ,
നനഞ്ഞ മുടിയിഴകളിൽ നിന്നും വാർന്നുവന്ന തിളങ്ങുന്ന തുള്ളികൾ മുഖത്തേക്ക് വീണതും, കവിളിൽ നിന്നും ചുമലിലൂടെ തോളിലേക്കും, അവിടന്ന് കൈയിലേക്കും പടർന്നതും..
പകുതി തുറന്ന കണ്ണുകളിലൂടെ വശ്യമായി ചിരിച്ചവൾ നെറ്റിയിൽ മൃദുവായി ചുംബിച്ചതും, അടഞ്ഞു പോയ കണ്ണുകൾക്ക് മുകളിലായി അവളുടെ ചുണ്ടുകൾ അമർന്നതും, നെറ്റിയിലും പുരികങ്ങളിലുമെല്ലാം അവളുടെ ശ്വാസം ക്രമം തെറ്റി പടർന്നതും..
അവളുടെ കൈക്കുള്ളിലിരുന്ന എന്റെ മുഖത്തേക്ക് അവൾ മുഖം ചേർത്തതും, അവളുടെ ചുണ്ടുകളിലെ നനവിനാൽ എന്റെ ചുണ്ടുകളെ നനയിച്ചതും..
ടിർണീം..ടിർണീം..
ഞെട്ടിയുണർന്ന് ആദ്യം നോക്കിയത് അവളെയായിരുന്നു..
അവളില്ല, ഇതിനിടയിൽ അവളെപ്പോഴാണ് ഇറങ്ങിപ്പോയത്..
വാതിൽ അകത്തുനിന്നും കുറ്റിയിട്ടിരിക്കുന്നു..
മലർക്കെ തുറന്നു കിടക്കുന്ന പുസ്തകങ്ങളുടെ താളുകൾ കാറ്റിലിളകുന്ന ഒച്ച മാത്രം..
കാച്ചെണ്ണയും തുളസിയും കാറ്റിലലിഞ്ഞു പുറത്തേക്കൊഴുകി..
കൈകുത്തി കട്ടിലിൽ എണീറ്റിരുന്നു..
എന്തോ ഒരു മണം മാത്രം പിടിതരാതെ ഒഴിഞ്ഞുമാറി മുറിയിലാകെ പടർന്നു കിടന്നു..
കണ്ണാടിയിൽ എന്തോ തിളങ്ങുന്നത് കണ്ടാണ് കവിളിൽ വിരലുകൾ ചേർത്തത്..
വിരലുകളെ നനയിച്ചു കൊണ്ട് രണ്ടുതുള്ളികൾ തോളിലേക്കൊഴുകി..
നനഞ്ഞ വിരലുകളിൽ പാലപ്പൂവിന്റെ മദിപ്പിക്കുന്ന മണം !.
#ഭൂതകാലപുരാണങ്ങൾ
No Comments