മൺകപ്പിലെ മംഗോളിയൻ ചായ

കാലം കുറച്ച് പഴയതാണ്, എന്നുവെച്ചാൽ ചെമ്പഴന്തി എസ് എൻ കോളേജിൽ മനഃശാസ്ത്ര ബിരുദപഠനവും, അതിനേക്കാൾ ശക്തമായി വിപ്ലവ പോരാട്ടങ്ങളും നടത്തിക്കൊണ്ടിരുന്ന കാലം.

സമത്വസുന്ദര ലോകമുണ്ടാക്കാൻ പടച്ചട്ടയും ആയുധങ്ങളുമണിഞ്ഞു പൊരുതിക്കൊണ്ടിരുന്ന ആയിരക്കണക്കിന് വിപ്ലവസ്വപ്‌നാടകാരിൽ ഒരാളായി തലങ്ങും വിലങ്ങും പോരാട്ടങ്ങൾ നയിക്കുന്നതിനിടയിൽ, ചെന്നുകയറിയ പുലിമടയിൽ നിന്നും കുടിച്ച ചായയുടെ കഥയാണ്.

മംഗോളിയൻ സുന്ദരിയുടെ കൈയിൽ നിന്നും വാങ്ങി കുടിച്ച ആസാം രുചിയുള്ള ചായ.

നാഗാലാന്റിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ യൂത്ത് മീറ്റിൽ പങ്കെടുക്കാൻ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർ സെക്രട്ടറിയെന്ന നിലയിൽ അനുമതി കിട്ടിയതും, കേരള യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്തതുമാണ് കഥയുടെ പിന്നാമ്പുറം.

കൂട്ടത്തിൽ സനാതനും ഉണ്ടായിരുന്നു, അവന് ചായ കുടിക്കാനുള്ള ധൈര്യമില്ലായിരുന്നുവെന്ന് മാത്രം.

ഇന്ത്യൻ റെയിൽവേയുടെ രണ്ടാം ക്ലാസ്സ് സൗഭാഗ്യങ്ങളിൽ ആനന്ദിച്ചും ആറാടിയും സംസ്ഥാനങ്ങൾ കടന്നുള്ള യാത്രയാണ്, ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടുള്ള മനോഹര കാഴ്ചകളിൽ പലതും സമ്മാനിച്ചതെന്ന് ഇത്തരുണത്തിൽ ഓർമ്മിപ്പിക്കുകയാണ്.

നീണ്ട യാത്രയ്‌ക്കൊടുവിൽ ബ്രഹ്മപുത്രയുടെ ആർത്തിരമ്പലിന്റെ മുകളിലൂടെ ഗോഹട്ടി റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി. അവിടന്നങ്ങോട്ട് കണ്ടതും അനുഭവിച്ചതുമാണ് ശരിക്കും പറഞ്ഞാൽ പിൽക്കാലത്ത്, ആഭ്യന്തര യുദ്ധത്തിനിടയിൽ ഇറാക്കിൽ പലവട്ടം ജോലിക്കായി പോകാൻ കമ്പനി പറഞ്ഞപ്പോൾ കട്ടക്ക് പോകാനുള്ള ധൈര്യം തന്നതെന്നും പറയാം.

ഗോഹട്ടിയിൽ നിന്നും മീറ്റർഗേജ് ട്രെയിനിലായിരുന്നു യാത്ര, കൈ കാണിച്ചാൽ ട്രെയിൻ നിറുത്തുമോയെന്ന് ചോദിക്കരുത്, ദിമാപ്പൂർ പോകുന്നതിനിടയിൽ പലവട്ടം സ്റ്റേഷനുകളിലല്ലാതെ ട്രെയിൻ നിറുത്തിയപ്പോൾ, അതൊക്കെ പെലിക്കണുകളെ കാണാനായി നിറുത്തിയതെന്നാണ് ആദ്യം കരുതിയത്, പിന്നെയാ മനസ്സിലായത് യാത്രക്കാരെ കയറ്റാനാണെന്ന്.

അതെന്തെങ്കിലുമാകട്ടെ, ഒടുവിൽ പട്ടാളവണ്ടികളുടെ അകമ്പടിയോടെ ദിമാപ്പൂർ ഇന്ത്യൻ കൾച്ചറൽ സെന്ററിലെത്തി. അവിടെയായിരുന്നു ഒരുമാസം നീണ്ട ക്യാമ്പിന്റെ ആചാരാനുഷ്ടാനങ്ങളെല്ലാം നടന്നത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, ശ്രീലങ്കക്കാരും അഫ്ഗാനിസ്ഥാൻകാരും ഒക്കെയായി ക്യാമ്പ് സജീവമായ ആദ്യദിവസം മുതൽ കാശ്മീരിൽ നിന്നും വന്ന സുന്ദരികളായിരുന്നു ക്യാമ്പിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ.

കാശ്മീരിന് ചുറ്റും ഇന്ത്യയും അയൽരാജ്യങ്ങളും തിക്കിത്തിരക്കുന്നതിനിടയിൽ ക്യാമ്പിന്റെ സംതുലിതാവസ്ഥ നിലനിറുത്തുവാൻ ക്യാമ്പ് മുതലാളി ആചാര്യ റാണ ഗോപാലകൃഷ്ണൻ ഒരുപാട് ബുദ്ധിമുട്ടിയെന്നതിൽ അതിശയചിഹ്നമല്ല.

ചെന്നിറങ്ങിയ ആവേശം രണ്ട് ദിവസം കൊണ്ട് കഴിഞ്ഞു, പതുക്കെ പതുക്കെ കാര്യങ്ങൾ വ്യക്തമായി. പരസ്പരം പോരടിക്കുന്ന നാഗാലാന്റിലെ ഗോത്രങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാനാണത്രെ സർക്കാർ ഒരുപാട് കാശൊക്കെ ചിലവാക്കി അവിടെ ക്യാമ്പ് നടത്തുന്നത്.

ഇരുട്ടെ വെളുക്കെ ഇന്ത്യൻ പട്ടാളക്കാർക്കിട്ട് വെടിവെയ്ക്കുകയും, ബോറടിക്കുമ്പോൾ പരസ്പരം വെടിവെയ്ക്കുകയും ചെയ്തുകൊണ്ടിരുന്ന നാഗാ-കുക്കി ഗോത്ര തർക്കങ്ങളുടെ കേന്ദ്രത്തിലായിരുന്നു ക്യാമ്പ്.

ആദ്യമെല്ലാം വെടിശബ്ദങ്ങൾ ദീപാവലി ആഘോഷമാണെന്ന് പറഞ്ഞു സമാധാനിക്കാൻ ശ്രമിച്ചെങ്കിലും, നാലുപാടും പട്ടാളക്കാരുമായി മിലിട്ടറി ക്യാമ്പ് പോലുള്ള സ്ഥലത്തെ രാത്രികൾ അവളുടെ രാവുകളുടെ അവസ്ഥയിലായിരുന്നു, മനസ്സിലായില്ലേ നിദ്രാവിഹീനങ്ങളായിരുന്നുവെന്ന്.

ഇതിനിടയിലാണ് ഒരു ദിവസം അവരെത്തിയത്, ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികൾ. വെള്ള ഷർട്ടുകളും നീല നിറത്തിലുള്ള ബെഡ്ഷീറ്റ് പോലുള്ള സാമ്രദായിക വേഷവുമണിഞ്ഞ മംഗോളിയൻ സുന്ദരികളും സുന്ദരന്മാരും.

സാംസ്‌കാരിക കൈമാറ്റമാണ് ലക്ഷ്യമെങ്കിലും, അവരോട് അധികം അടുത്തിടപഴകാൻ ആർക്കും അനുവാദമുണ്ടായിരുന്നില്ല, അവരുടെ വരവോടെ കാശ്മീരി സുന്ദരികളുടെ ആരാധകവൃന്ദത്തിൽ ഗണ്യമായ കുറവുണ്ടായിയെന്നതാണ് സത്യം.

സ്ഥിരമായി ക്യാമ്പിലെത്തിയിരുന്ന നാഗാവിദ്യാർത്ഥികളോട് കൂടുതൽ ഇടപഴകാൻ അവസരം കിട്ടിയത് കേരള സംഘത്തിനായിരുന്നു, കാരണം മലയാളികളായ ഒരുപാട് അദ്ധ്യാപകരും ഡോക്ടർമാരും നാഗാലാന്റിൽ ജോലി ചെയ്തിരുന്നതിനാൽ, മലയാളികളെ പൊതുവെ ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത്.

പോകപ്പോകെ നാഗസുന്ദരി തുഷി ഞങ്ങളുമായി കൂടുതൽ അടുക്കുകയും, ക്യാമ്പിലെ ഭക്ഷണത്തിന്റെ പരീക്ഷണങ്ങളിൽ അടിപതറിയിരുന്ന ഞങ്ങളുടെ രക്ഷകയായി മാറുകയും ചെയ്തു. പക്ഷെ ഒരു ദിവസത്തെ അവളുടെ സമ്മാനത്തിന്റെ സുഗന്ധത്തിൽ ഞാനും സനാതനും വീണുപോയി.

അച്ചാർ മണക്കുന്ന കുപ്പിയുടെ അടപ്പ് തുറന്ന മാത്രയിൽ സനാതൻ വരാന്തയുടെ അറ്റത്തേക്ക് ഓടി, പിന്നെ കേട്ടത് നെടുങ്കൻ വാളുകളുടെ ആർത്തനാദമായിരുന്നു.

നമ്മുടെ നാട്ടിൽ പുതുമഴയ്‌ക്കൊപ്പം വിരുന്നു വരുന്ന ഈയലുകളെ ചിറകറ്റ നിലയിൽ അച്ചാറാക്കി കൊണ്ടു വന്ന തുഷിയുടെ തിളങ്ങുന്ന കണ്ണുകളെ അവഗണിച്ച് അകത്തേക്ക് നടന്ന എന്നോട് കാശ്മീരി സുന്ദരികളിലൊരാൾ എന്തോ ചോദിച്ചു, കൈയിലിരുന്ന ഈയൽ അച്ചാർ അവൾക്ക് സമ്മാനിച്ചിട്ട് അകത്തേക്ക് പാഞ്ഞു.

അതിൽ പിന്നെ കാശ്മീരി സുന്ദരികൾ ക്യാമ്പ് കഴിയുന്നത് വരെ സന്ധിസംഭാഷണത്തിനും അതിർത്തി തർക്കങ്ങൾക്കും മുതിർന്നില്ലായെന്നത് ശ്രദ്ധേയം.

ക്യാമ്പ് അവസാനിക്കുന്നതിന്റെ ഭാഗമായി നടത്തിയ ദിമാപ്പൂർ ടൂറിനിടയിലാണ് തലക്കെട്ടിലുള്ള ചായ കുടിച്ചത്, ലോകമഹായുദ്ധത്തിൽ മരിച്ച യുദ്ധഭടന്മാരുടെ സ്മാരകവും, മറ്റ് കാഴ്ചകളുമെല്ലാം കണ്ട് ഉച്ചയൂണ് കഴിക്കാൻ ഒരു ക്രിസ്ത്യൻ ദേവാലയത്തിനടുത്ത് വണ്ടികൾ നിറുത്തി.

ക്യാമ്പിൽ നിന്നുണ്ടാക്കി കൊണ്ടുവന്ന പുളിച്ച ഭക്ഷണം വിളമ്പിയതോടെ എല്ലാപേരും പ്രതിഷേധിക്കുകയും ക്യാമ്പ് മുതലാളി ആചാര്യ മുങ്ങുകയും ചെയ്തു. ഒടുവിൽ പട്ടാളക്കാർ എല്ലാപേരെയും അനുനയിപ്പിച്ച് വണ്ടിയിൽ കയറ്റി കൊണ്ടുപോയി.

ഇതിനിടയിൽ ക്യാമ്പിൽ വെച്ച് പരിചയപ്പെട്ട മദ്രാസുകാരനായ ശങ്കർ എന്ന വിപ്ലവപ്രസ്ഥാനക്കാരനും ഞാനും കൂടി കുത്തിയിരുപ്പും മുദ്രാവാക്യം വിളിയും നടത്തിയെങ്കിലും, അധികമാരും ശ്രദ്ധിച്ചില്ലായെന്ന് മാത്രമല്ല, വണ്ടികളെല്ലാം പോകുകയും ചെയ്തു.

അത്യാവശ്യം നല്ല തണുപ്പിൽ പള്ളിമുറ്റത്ത് കുടുങ്ങിയ ഞങ്ങളുടെ ആവേശം പതുക്കെ തണുക്കുകയും ചെറിയ ഭയം ഉയിർകൊള്ളുകയും ചെയ്തു, എന്തായാലും അരമണിക്കൂർ കഴിഞ്ഞതോടെ നാഗാലാന്റ് പോലീസിന്റെ രണ്ട് ജിപ്സികൾ പാഞ്ഞെത്തി, തോക്കുകളുമായി വന്ന പോലീസുകാരോട് തർക്കിക്കാതെ ഞങ്ങൾ ജിപ്സിയിലേക്ക് കയറി.

വഴിയിൽ കാത്തു നിന്ന ബസുകളിൽ ഞങ്ങളെ കയറ്റി അയക്കുന്നതിന് മുൻപ് എസ് ഐയുടെ വക സൗജന്യ ഉപദേശം, ഇനിയും ഇത്തരം പ്രതിഷേധങ്ങൾക്ക് നിൽക്കരുത്, ആരെക്കിട്ടിയാലും വെടി വെയ്ക്കുന്ന നാഗന്മാർ കാണാതിരുന്നത് കൊണ്ട് തടികേടായില്ല.

അവിടന്നങ്ങോട്ട് കൂടെയുള്ളവരുടെ ഉപദേശപ്പെരുമഴ, പ്രതിഷേധിക്കാൻ മുന്നിട്ടിറങ്ങിയവരിൽ പലരും സമാധാനത്തിന്റെ വെള്ളരിപ്രാവുകളും ഉപദേശികളുമായി പരിവർത്തനപ്പെട്ടത് വളരെപ്പെട്ടെന്നായിരുന്നു.

ഇതിനിടയിൽ വണ്ടി പ്രശസ്തമായ ഏതോ മാർക്കറ്റിൽ നിറുത്തി, അപകടമായതിനാൽ വളരെ കുറച്ചുപേർ മാത്രമെ മാർക്കറ്റിലേക്ക് പോയുള്ളൂ, വിശപ്പും കൂടെയുള്ളവർ ഒറ്റിയതിലുള്ള കലിപ്പുമായി ഞാനും ശങ്കറും മാർക്കറ്റിലേക്ക് കയറി.

അവിടത്തെ കാഴ്ച അത് പൊളിയായിരുന്നു, ചൈനയിൽ നിന്നും അതിർത്തി കടത്തി കൊണ്ട് വന്ന ഇലക്ട്രോണിക്ക് ഉത്പന്നങ്ങളുടെ പറുദീസയായിരുന്നു ആ മാർക്കറ്റ്. ഗൾഫുകാരുടെ വീടുകളിൽ കണ്ടിട്ടുള്ളതിലും ആധുനികമായ ഉപകരണങ്ങൾ അവിടെയുണ്ടായിരുന്നു.

കാഴ്ചയിൽ കണ്ണുടക്കി നിൽക്കുന്നതിനിടയിൽ ഇടത്തെ കൈത്തണ്ടയിൽ ആരോ പിടിച്ചിരിക്കുന്നതായി തോന്നി, തിരിഞ്ഞു നോക്കുമ്പോൾ ഒരു മണ്ണിന്റെ കപ്പിൽ ആവിപറക്കുന്ന ചായ നീണ്ടു വന്നു, അവളുടെ കൈയിൽ നിന്നും ചായ വാങ്ങി ഒറ്റ വലിക്ക് അകത്താക്കി.

ദേഷ്യവും സങ്കടവും ആ ഒറ്റക്കപ്പ് ചായയിൽ അലിഞ്ഞു പോയി, കൺപീലികൾക്കുള്ളിൽ കണ്ണുകളുണ്ടോയെന്ന് തിരിച്ചറിയാൻ കഴിയാത്ത അവളുടെ മംഗോളിയൻ മുഖം വളരെ അടുത്ത് കണ്ടതും അപ്പോഴാണ്, അവളോടൊപ്പം അപ്പോൾ തന്നെ രണ്ടാമത്തെ ചായയും കുടിച്ചപ്പോഴാണ് ശരിക്കും ആ ചായയുടെ രുചിയറിഞ്ഞത്.

ലോക പ്രശസ്തമായ ആസ്സാം കുന്നുകളിലെ ചായ..

അടിമവത്കരണത്തിലൂടെ കമ്പനികൾ പടുത്തുയർത്തിയ തോട്ടങ്ങളിലെ മനുഷ്യരുടെ കണ്ണുനീരിന്റെ ചുവയുള്ള ചായ..

നിലനിൽപ്പിനായും ജീവിക്കാനായും പ്രതിഷേധിച്ച അടിമകളായ ഗോത്രങ്ങളുടെയും, അടക്കി ഭരിച്ചും കൊന്നൊടുക്കിയും ലാഭം മാത്രം ലക്ഷ്യം വെച്ച മുതലാളിമാരുടെയും, ചോര വീണ മണ്ണിൽ കിളിർത്ത ചെടികളുടെ തളിരിന്റെ രുചിയുള്ള ചായ..

ചായക്കിടയിലും തിരികെയുള്ള യാത്രക്കിടയിലും തുഷി പറഞ്ഞത് മുഴുവൻ ചായയെക്കുറിച്ചായിരുന്നു..
വെടിയൊച്ചകൾ മാത്രം മുഴങ്ങുന്ന കുന്നുകളിലെ ചോര മണക്കുന്ന ചായകളെക്കുറിച്ച്..

ഇരുപത്തിയഞ്ച് ആണ്ടുകൾക്കിപ്പുറം നേർത്തയൊരു മഴയുടെ താളത്തിനൊപ്പം ചായ കുടിച്ചിരിക്കുമ്പോൾ, തുഷിയും ചായകളും വീണ്ടും കയറി വരാൻ കാരണമൊന്നും കാണുന്നില്ല.

ചുമ്മായിരുന്ന എന്നെ ചായയെടുത്ത് നാഗാലാന്റിലേക്കിട്ടതിൽ തെറ്റില്ല, ചായപുരാണം വായിക്കുന്ന പൊണ്ടാട്ടി ചായ നിരോധനം പ്രഖ്യാപിക്കാതിരുന്നാൽ മതിയാരുന്നു.

ടീ..ഒരു ചായ..

#ഭൂതകാലപുരാണങ്ങൾ.

No Comments

Post A Comment