മണ്ണുകടിച്ച ദോശയും തേനൊഴിച്ച കാപ്പിയും

ഇന്നലെ നാഗാ സുന്ദരിയെയും ആസ്സാം ചായയെയും കുറിച്ച് വർണ്ണിച്ചതിൽ കുണ്ഠിതപ്പെട്ട പൊണ്ടാട്ടി, ഇനി ഈ വീട്ടിൽ ചായയില്ല, കാപ്പിയേയുള്ളൂവെന്ന് പ്രഖ്യാപിച്ചു.

വൈകുന്നേരം ഗ്രാമ്പുവും ചുക്കുമെല്ലാം ചേർത്ത് ചായയുണ്ടാക്കി തന്നിട്ട്, ഇത് ലവളുടെ ചായയുടെ രുചിയാണോയെന്ന് ചോദിക്കുകയും, നാഗാലാന്റ് സുന്ദരിയിപ്പോൾ അവളുടെ മകളുടെ കല്യാണവും കഴിഞ്ഞു അമ്മൂമ്മയായിട്ടുണ്ടാകുമെന്ന് ഓർമ്മപ്പിക്കുകയും ചെയ്തു.

ഇനിയീ വീട്ടിൽ ചായയില്ലായെന്ന പ്രഖ്യാപനം ചായ നൽകി കൊണ്ട് തന്നെ നടപടിയില്ലാതെ പിൻവലിച്ച കാര്യവും അറിയിച്ചതിനാൽ, ഇതെഴുതുന്ന നേരത്തും വലതുവശത്ത്‌ മഞ്ഞ നിറത്തിലുള്ള കപ്പും, അതിനുള്ളിൽ ആവേശം നിറയ്ക്കുന്നൊരു ചായയും കൂട്ടിനുണ്ട്.

എന്നാലിനിയൊന്ന് ട്രിച്ചിയിലേക്ക് പോയാലോ, നല്ലൊരു കാപ്പിയും കൂട്ടത്തിൽ രണ്ട് ദോശയും കഴിച്ചേച്ച് വരം, അപ്പ എങ്ങനാ, പോകയല്ലേ.

വർത്തമാനകാലത്തിരുന്ന് ഭൂതകാലം പറയുമ്പോൾ, ഭാവികാലത്തിരുന്ന് വർത്തമാനകാലം പറയുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്, രണ്ടായാലും കൈ അകലത്തിൽ ആവിപറക്കുന്നൊരു ചായ നിർബന്ധമാണ്.

കാലം പുറകോട്ട് തന്നെ, 1995, ഒക്ടോബർ മാസം, ഞാനും സനാതനും കൂട്ടത്തിൽ ആലപ്പുഴ എസ് ഡി കോളേജിലെ പ്രോഗ്രാം ഓഫീസറും, അഞ്ചാറ് വോളണ്ടീയേഴ്‌സും കൂടി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും മീറ്റർഗേജ് ട്രെയിനിൽ ട്രിച്ചിയിലേക്ക് തിരിക്കുന്നു.

ലക്ഷ്യം നാഷണൽ സർവ്വീസ് സ്‌കീം ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ്, അർദ്ധരാത്രി മുഴുവൻ കഥകളും കാര്യങ്ങളുമായി യാത്ര രസകരമായിരുന്നു, കൂട്ടത്തിൽ നിഴലുകളായി ഓടിമറയുന്ന വഴിയോരകാഴ്ചകളുമായപ്പോൾ മൊത്തത്തിൽ ഒരു ആവേശവും നിറഞ്ഞു നിന്നു.

നോക്കിയിരിക്കെ, നേരം പുലർന്നതും പ്രകാശം പരന്നതും ജീവിതത്തിൽ ആദ്യമായി അനുഭവിച്ചത്‌ ആ യാത്രയിലാണ്. അതുകൊണ്ടാകാം ട്രെയിൻ കാണുമ്പോഴെല്ലാം ട്രിച്ചിയിലേക്കുള്ള യാത്ര തെളിഞ്ഞു വരാറുള്ളത്.

റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയ ഞങ്ങളെ സ്വീകരിക്കാൻ, ഭാരതീദാസൻ യൂണിവേഴ്‌സിറ്റിയുടെ ബസ്സും തേരാളിയായി മുരുകൻ അണ്ണനും കാത്തു നിൽപ്പുണ്ടായിരുന്നു.

നഗരത്തിന്റെ തിരക്കുകളിൽ നിന്നും അകന്ന്, ഒരു കുഗ്രാമത്തിൽ ഏക്കറുകണക്കിന് ഭൂമിയുടെ നടുവിൽ വമ്പൻ മതിൽകെട്ടിനുള്ളിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് കയറിയതോടെ, ഞങ്ങളുടെ പുറംലോകവുമായുള്ള ബന്ധം അവസാനിച്ചുവെന്ന് അപ്പോൾ അറിയില്ലായിരുന്നു.

പല സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും വന്നിട്ടുള്ള വോളണ്ടീയേഴ്‌സും പ്രോഗ്രാം ഓഫിസാറന്മാരും രജിസ്ട്രേഷനെല്ലാം കഴിഞ്ഞു താമസിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് ചേക്കേറി. പുറംലോകം മറയ്ക്കാൻ മാത്രം ഉയരമുള്ള വമ്പൻ മതിൽകെട്ടിനുള്ളിലെ താമസസ്ഥലങ്ങൾ മനോഹരമായിരുന്നെങ്കിലും, എന്തോ ഒരു ശ്വാസം മുട്ടൽ വിടാതെ പിന്തുടർന്നു.

ഒടുവിൽ താമസസ്ഥലത്തിന്റെ കോണിപ്പടി കണ്ടെത്തി മുകളിൽ കയറി മതിൽകെട്ടിന് പുറത്തെ കാഴ്ച കണ്ടപ്പോഴാണ് ശരിക്കും ശ്വാസം കിട്ടിയത്. ആദ്യത്തെ കാഴ്ചയിൽ ഉള്ളിൽ നിന്ന് മണിരത്നം സിനിമയിലെ, അതന്നെ റോജയിലെ ആ പാട്ട് ഒഴുകി വന്നു, ചിന്ന ചിന്ന ആശൈ..ചിറകടിക്കും ആശൈ..

അതൊരു ഒന്നൊന്നര കാഴ്ചയായിരുന്നു, യൂണിവേഴ്‌സിറ്റി മതിലിനടുത്ത റോഡിനുമപ്പുറം കടലുപോലെ കൃഷിയിടങ്ങൾ, മുഴുവൻ പച്ചപ്പും ഇടയ്ക്ക് കൃഷി ചെയ്യാൻ നിലമൊരുക്കുന്ന മനുഷ്യരും, കൂട്ടത്തിൽ വശത്തായി നാലഞ്ച് കുഞ്ഞ് ഓലപ്പുരകളും. ശരിക്കും പറഞ്ഞാൽ സന്തോഷമാണോ സങ്കടമാണോയെന്ന് തിരിച്ചറിയാനാകാത്തൊരു വികാരം തികട്ടി വന്നു.

ക്യാമ്പ് തുടങ്ങി പരിചയപ്പെടലുകളും പരിചയപ്പെടുത്തലുകളും മുറയ്ക്ക് നടന്നു, പ്രധാനമായും മറ്റുള്ളവരുടെ ഭാഷ കേൾക്കാനും പഠിക്കാനും ജിജ്ഞാസുക്കളായി പലരും ചീറിപ്പായുന്നുണ്ടായിരുന്നു.

എല്ലാപേരും മിക്ക ഭാഷയിലും പഠിച്ചത് ഒരൊറ്റ വാക്യത്തിന്റെ അർത്ഥമായിരുന്നു. മനസ്സിലായില്ല ല്ലെ, എന്നോട് പറ ഐ ലവ് യൂന്ന്, അതന്നെ പഠിച്ചു വന്നപ്പോൾ മൂ തുംകൊ ഭോല പായിയും, പ്രേമി സുത്തുവുമായി ഭാഷ മാറിയ പ്രണയവാക്യം.

നമ്മുക്ക് എവിടെപ്പോയാലും ഭക്ഷണം ഒരു പ്രശ്നമാകാറുള്ളത് പോലെ, ഇവിടെയും പണി പാളി. ഒരു ദേശീയ തലത്തിലുള്ള ക്യാമ്പിൽ ഭക്ഷണം മുഴുവൻ കടുക് എണ്ണയിൽ ഉണ്ടാക്കണമെന്ന് നിയമുണ്ടായോയെന്ന് അറിയില്ലെങ്കിലും, കടുക് എണ്ണയുടെ മണവും രുചിയും ഉൾക്കൊള്ളാനുള്ള ശേഷി മൂക്കിനും വയറിനുമില്ലാത്തതിനാൽ അർദ്ധപ്പട്ടിണിയിലായി കാര്യങ്ങൾ.

ബ്രെഡും ബിസ്കറ്റും പഴവും ചായയും കാപ്പിയും വെള്ളവും മാത്രം കഴിച്ചും ജീവിക്കാമെന്നും, മറ്റ് ഭക്ഷണങ്ങൾ വർജ്ജിക്കേണ്ടതാണെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, എന്നാലും വയറിന് ഇതൊന്നും മനസ്സിലായില്ല.

അതിന്റെ ഫലം കേസരിയുടെ രൂപത്തിൽ അനുഭവിക്കുകയും ചെയ്തു.

ഭക്ഷണ പരീക്ഷണങ്ങൾക്കിടയിൽ, ഒരുദിവസം നെയ്യിന്റെ മണത്തിൽ ഉണക്കമുന്തിരികളുടെ അകമ്പടിയോടെ മോഹിപ്പിക്കുന്ന സ്വർണ്ണവർണ്ണത്തിൽ കേസരി വിളമ്പിയപ്പോൾ, സകല നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ഒരു കടന്നാക്രമണമായിരുന്നു.

പുലർകാലെ തന്നെ ഫലവുമുണ്ടായി, അനിതരസാധാരണമായ ശോധന നിയന്ത്രിക്കാൻ യൂണിവേഴ്‌സിറ്റി ഭിഷഗ്വരന്റെ മുന്നിലേക്ക് ആനയിക്കപ്പെടുകയും, മരുന്നും വിശ്രമവുമായി മുറിയിലാകുകയും ചെയ്തു.

വയർ നിയന്ത്രണത്തിലായതോടെ അടക്കാനാകാത്ത വിശപ്പും, ആർത്തിയും തിരികെയെത്തി. തലങ്ങും വിലങ്ങും ആലോചിച്ചു ഒടുവിൽ ആ തീരുമാനത്തിലെത്തി. യൂണിവേഴ്‌സിറ്റിയുടെ മതിൽ ചാടുക.

ഒത്തുകിട്ടിയ അവസരം പാഴാക്കാതെ, മതിൽ ചാടുകയെന്ന ലക്ഷ്യപൂർത്തീകരണത്തിനായി ഭാരതീദാസന്റെ ചുറ്റുമതിലിന്റെ പൊക്കം കുറഞ്ഞ ഭാഗം തിരക്കി നടന്നു, ഒടുവിൽ മതിലിന്റെ ഉയരത്തെ മറി കടക്കാനായി പുളിമരത്തിന്റെ രൂപത്തിൽ അവനെത്തി.

മരത്തിലേക്ക് പാഞ്ഞു കയറി മതിലിന് മുകളിലെത്തിയപ്പോഴാണ്, പൗലോ കൊയ്‌ലോ ആൽക്കമെസ്റ്റിൽ പറഞ്ഞതിലെ സത്യം തിരിച്ചറിഞ്ഞത്.

ഒരാൾ എന്തെങ്കിലും നേടിയെടുക്കണമെന്ന് പൂർണ്ണ മനസ്സോടെ ആഗ്രഹിച്ചാൽ, ആ ആഗ്രഹം സഫലമാക്കാൻ ലോകം മുഴുവൻ അയാളുടെ സഹായത്തിനെത്തും. അതവിടെയും സംഭവിച്ചു, ഞാൻ കയറിച്ചെന്ന പുളിമരത്തിന്റെ ശിഖരത്തെ പുണർന്നുകൊണ്ട് മതിലിന് പുറത്തു ഒരു ആൽമരം.

പിന്നെ, എല്ലാം വളരെപ്പെട്ടെന്നായിരുന്നു, പുളിമരത്തിൽ നിന്നും അരയാൽ വഴി മതിലിനെ മറികടന്നു റോഡിലേക്കിറങ്ങി, ഇടത്തോട്ട് നടന്നു, താമസസ്ഥലത്തിന്റെ മുകളിൽ നിന്നും കണ്ട ഓലപ്പുരകളായിരുന്നു ലക്ഷ്യം.

പ്രതീക്ഷകൾക്ക് നിറം പകർന്നുകൊണ്ട് ദോശയുടെ മണം ഒഴുകി വരുന്നു, കുടിലുകൾക്ക് മുന്നിലെത്തിയപ്പോൾ ആരെയും കാണാനില്ല, ഒരു കുടിലിന്റെ മുന്നിൽ കാലിളകിയ ഒരു ബെഞ്ച് കണ്ടു അങ്ങോട്ട് ചെന്നു. പ്രതീക്ഷ തെറ്റിയില്ല, കല്ലടുപ്പിൽ എരിയുന്ന തീയുടെ പുറകിലായി ഒരു സ്ത്രീയിരുന്ന് ദോശമാവ് ഇളക്കുന്നു.

ദോശയിലേക്കുള്ള നോട്ടം കണ്ടാകണം, ഒരു പാത്രത്തിൽ ദോശയും വെളുത്ത ചമ്മന്തിയുള്ള ഒരു ഞണുങ്ങിയ പാത്രവും കൊണ്ട് വന്നു ബെഞ്ചിൽ വെച്ചു തന്നു. സംസാരത്തിനൊന്നും നിന്നില്ല ദോശയിലേക്ക് ചമ്മന്തിയൊഴിച്ച് വാരിക്കഴിച്ചു, ജീവിതത്തിൽ ആദ്യമായി ദോശ കഴിക്കുകയാണോയെന്ന് സംശയം തോന്നിയതിനാലാകും, അവർ വീണ്ടും ദോശ പാത്രത്തിലേക്ക് വെച്ചു തന്നു.

നാലഞ്ച് ദോശ കഴിഞ്ഞപ്പോഴാണ്, ദോശയിൽ മണ്ണ് കടിക്കുന്ന കാര്യം തിരിച്ചറിഞ്ഞത്, ചോദിക്കാതെ തന്നെ അവർ പറഞ്ഞു, ഇവിടെ വേറാരും കഴിക്കാൻ വരില്ല, കൃഷിപ്പണിയെടുക്കുന്ന ഗ്രാമീണർ മാത്രമാണ് അവിടെന്ന് കഴിക്കാറുള്ളത്. പൊടിഞ്ഞതും തിരഞ്ഞിട്ടതും വിൽക്കാൻ കഴിയാത്തതുമായ ഉഴുന്ന് ആട്ടിയാണത്രെ അവർ ദോശയുണ്ടാക്കുന്നത്.

ആരാ?, ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോയെന്ന ചോദ്യത്തിന്, വിശന്നിട്ട് മതിൽ ചാടിയതാണെന്ന സത്യം അവരോട് പറഞ്ഞു.

യൂണിവേഴ്‌സിറ്റിയുടെ ഭീമാകാരമായ മതിലിനുള്ളിലെ കോൺക്രീറ്റ് കെട്ടിടങ്ങളിലുള്ളവർക്കും പട്ടിണിയാണോയെന്ന ചോദ്യം അവരുടെ കണ്ണുകളിലുണ്ടായിരുന്നു.

രുചി പിടിക്കാഞ്ഞിട്ട് ഭക്ഷണം കഴിക്കാത്തതാണെന്ന സത്യം അവരോട് പറഞ്ഞില്ല, ചിലപ്പോൾ അങ്ങനെയൊന്ന് അവർക്ക് മനസ്സിലായില്ലങ്കിലോ?.

ഒരു പഴയ കപ്പിനെ പരമാവധി കഴുകിയെടുത്ത് അതിൽ ഒരു കാപ്പിയും കൂടി മുന്നിലേക്ക് നീക്കി വെച്ചിട്ട് അവർ പറഞ്ഞു, പഞ്ചസാര ഇല്ല തേനാണ് ഒഴിച്ചിട്ടുള്ളത്, ഇഷ്ടമല്ലെങ്കിൽ കുടിക്കണ്ട.

കാപ്പി കണ്ടപാടെ അതെടുത്ത്‌ കുടി തുടങ്ങി, അത്തരമൊരു കാപ്പി ജീവിതത്തിൽ മറ്റെവിടെ നിന്നും കുടിച്ചിട്ടില്ല, തേനൊഴിച്ച കാപ്പി ആദ്യമായും അവസാനമായും കണ്ടതും കുടിച്ചതും അന്നായിരുന്നു.

അതിന്റെ രുചി കൃത്യമായി പറയാൻ അറിയില്ല, രുചി മാത്രം നോക്കി ഭക്ഷണം കഴിക്കുന്നൊരാൾക്ക് ജീവിതത്തിൽ ഒരിക്കലും വർണ്ണിക്കാൻ കഴിയാത്തൊരു കാപ്പി സമ്മാനിച്ച ആ അമ്മയ്ക്ക് കാശ് കൊടുത്തപ്പോൾ വാങ്ങാൻ മടിച്ചു, നിർബന്ധിച്ചപ്പോൾ അഞ്ച് രൂപ മാത്രം വാങ്ങി.

തിരികെ മതിൽ ചാടി മുറിയിലെത്തി, വൈകുന്നേരം സനാതനോടും മറ്റുള്ളവരോടും ആ കാപ്പിയുടെയും ദോശയുടെയും കഥ പറഞ്ഞു. കഥയറിഞ്ഞ മുരുകൻ അണ്ണൻ പറഞ്ഞത്, പുറത്തുള്ളവർ യൂണിവേഴ്‌സിറ്റിയിലെ കുറ്റിക്കാടുകളിൽ നിന്നും വിറകൊടിക്കാൻ കയറുന്ന വഴിയിലൂടെയാണത്രെ ഞാൻ പുറത്തു ചാടിയത്.

അവിടത്തെ ഏതോ മുതലാളിയുടെ വയലുകളിൽ അടിമപ്പണി ചെയ്യുന്ന കുടുംബങ്ങൾ കഴിയുന്ന ഓലപ്പുരകളാണ് അവയെല്ലാം.

കുട്ടികളെയെല്ലാം ഗ്രാമത്തിലെ വീടുകളിൽ ബന്ധുക്കളെ ഏല്പിച്ചിട്ട് അത്തരം കൃഷിയിടങ്ങളിൽ ജീവിച്ചു തീർക്കുന്ന മനുഷ്യരെ കാണാൻ കൂട്ടത്തിലുള്ളവർ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, പിന്നെയൊരു അവസരം കിട്ടാത്തത് കൊണ്ടും, ക്യാമ്പ് അവസാനിച്ചത് കൊണ്ടും, ആ ആഗ്രഹം ആൽക്കെമിസ്റ്റുകാരന്റെ തീയറിക്കൊപ്പമെത്തിയില്ല.

ഇന്നൊരു കാപ്പി കുടിക്കണം, തേനൊഴിച്ച കാപ്പിയുടെ സ്മരണകളിൽ കുറച്ചു നേരം കൂടിയിരിക്കണം !.

#ഭൂതകാലപുരാണങ്ങൾ

No Comments

Post A Comment