പാലപ്പൂ മണമുള്ള ദിനങ്ങൾ

പ്രീയപ്പെട്ട പലതരം ഗന്ധങ്ങളുടെ സഹയാത്രികരാണ് മനുഷ്യരെല്ലാം..

നമ്മുക്ക് ചുറ്റും നിരവധി ഗന്ധങ്ങളുണ്ട്, പൂക്കളുടെ, മനുഷ്യരുടെ, ഭക്ഷണത്തിന്റെ, മണ്ണിന്റെ, മഴയുടെ..

ഒക്കെയും പ്രാണനിൽ ഒട്ടി നിൽക്കുന്ന സുഗന്ധങ്ങൾ..

കുട്ടിക്കാലത്തെ ഭയങ്ങളിൽ നിന്നും കരകയറ്റിയ നിരവധി മണങ്ങളുണ്ട്..

ഭസ്മത്തിന്റെ, കുങ്കുമത്തിന്റെ, ചന്ദനത്തിന്റെ, കുളമാങ്ങയുടെ, അമ്മയുടെ..

ആ മണങ്ങളിൽ ധൈര്യവാനായിരുന്ന കാലം..

ഓരോ മണങ്ങളുടെയും പൊരുൾ തിരഞ്ഞിറങ്ങിയതും, ഒടുവിൽ അത്തരം മണങ്ങളുടെയെല്ലാം പ്രഭയ്ക്ക് പുറത്തായി പോയതും വർത്തമാനം..

ഇതിനെല്ലാമിടയിൽ എവിടെയോ ഒരു ഗന്ധം മാത്രം ചേർന്നിരിപ്പുണ്ട്..

സകലമാന ഭയങ്ങളുടെയും ആരൂഢത്തിൽ നിന്നും കൈകളിൽ കോരിയെടുത്ത് ഉയിരേകിയ ഗന്ധം..

ബാല്യത്തെ ചേർത്തു പിടിച്ച, കൗമാരത്തെ പ്രണയാർദ്രമാക്കിയ, യൗവനത്തെ തീക്ഷ്‌ണമാക്കിയ, ഇടയ്ക്കെവിടെയോ കൈമോശം വന്നു പോയ, അവസാനമെന്ന് ചിന്തിച്ച ലഹരിക്ക് മുകളിൽ പൂമഴയായി പെയ്തിറങ്ങി പ്രാണനെ വീണ്ടെടുത്ത സുഗന്ധം..

കണ്ണടച്ചാൽ ചുറ്റും ഒഴുകി പരക്കുന്ന ജീവഗന്ധിയുടെ താളമാണ് ശരിക്കും ജീവിതം..

* * *

അന്ന് 2008-ലെ ആ രാത്രിയിൽ, എല്ലുകൾ ഒടിഞ്ഞ വലത്തേ കാലുമായി വോളിബാൾ കോർട്ടിൽ കിടക്കുമ്പോൾ, വേദനയിൽ പുളഞ്ഞു തറയിൽ ചുരുണ്ടു കൂടിയപ്പോൾ, ചുറ്റും നിറഞ്ഞ നിലവിളി ചിരിയാക്കി മാറ്റിയ ഗന്ധം..

വിയർത്തു കുളിച്ചു കിടന്നവനെ, വണ്ടിയിൽ കയറ്റി ഖത്തറിലെ റാസ്‌ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ആശുപത്രിയിലെത്തിച്ചു എക്സ് റേ എടുപ്പിച്ച് നോക്കിയ കൂട്ടുകാരുടെ മുഖങ്ങൾ ഇരുണ്ടപ്പോഴും, അടുത്ത് നിന്ന് ആശ്വസിപ്പിച്ച നഴ്‌സൻമാരോട്, എനിക്ക് എത്ര ദിവസം കഴിഞ്ഞാൽ ബുള്ളറ്റ് ഓടിക്കാൻ പറ്റുമെന്ന് ചോദിച്ചത്; ആ ഗന്ധം തലച്ചോറിലേക്ക് കയറി സകല വേദനയും മായ്ച്ചു കളഞ്ഞത് കൊണ്ടായിരുന്നു..

ഓപ്പറേഷൻ തീയേറ്ററിൽ പാതി മറഞ്ഞ ബോധത്തിൽ, കാലിൽ മുറിവുകളുണ്ടാകുന്നതും, എല്ലുകളിൽ ആണികൾ തുളച്ചു കയറ്റുന്നതും, തുന്നലിന് പകരം സ്റ്റാപ്ലർ പിൻ ഇടുന്നതും ഒക്കെ അറിഞ്ഞത്, ആ മണത്തിന്റെ ലഹരിയിലായിരുന്നു..

അസംഖ്യം അണികളും, പ്ലെയ്റ്റുകളും ഉറപ്പിച്ചു ബലപ്പെടുത്തിയ കാലുമായി ആശുപത്രി മുറിയിൽ ഏകാന്തവാസം നടത്തിയപ്പോഴും, ക്രച്ചസിൽ കയറി രണ്ടാം ദിനം മുതൽ നടക്കാൻ പഠിച്ചു തുടങ്ങിയപ്പോഴും ചുറ്റുമൊരു സുരക്ഷാവലയമായി പാല പൂത്ത് നിന്നിരുന്നു..

* * *

ദുബായിൽ നിന്നും ഇറാഖിലേക്ക് പറക്കാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ നാട്ടിലുള്ള ഭാര്യയെ വിളിച്ചതും, ഗർഭകാലത്തിന്റെ ആലസ്യങ്ങളിൽ കുടുങ്ങി കിടന്നവൾ ചുറ്റുമുള്ളവരുടെ ആശങ്കകളിൽ വശംവദയായി അങ്ങോട്ട് പോണോ..എന്ന് ചോദിച്ചതും..ആ ഒറ്റ ചോദ്യത്തിൽ തലയിലേക്ക് ഇരച്ചു കയറിയ ആകുലതകളെ അപ്പോൾ തന്നെ തഴുകി പുറത്താക്കിയതും ആ സുഗന്ധത്തിന്റെ ലഹരിയായിരുന്നു..

ബോബുകൾ വീണു തകർന്നു കിടക്കുന്ന ബസ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നിറങ്ങി, പരിശോധനകൾക്കായി വരിയിൽ നിൽക്കുമ്പോൾ ചുറ്റും നിൽക്കുന്നവരുടെ മുഖങ്ങളിൽ, ആ മുറികൾ മുഴുവൻ പടർന്നു കിടന്ന നിശ്ശബ്ദതതയിൽ ഒക്കെ മറ്റേതോ മണമുണ്ടായിരുന്നു..

എത്ര ശ്രമിച്ചിട്ടും ഇറാഖിലെ മണ്ണിൽ ഒഴുകി പരന്നു കിടന്ന മണങ്ങളൊന്നും മൂക്കിന് തിരിച്ചറിയാൻ കഴിഞ്ഞില്ല..

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കാത്തു നിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ എടുത്തണിയിച്ചു തന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റിനും, അവരുടെ കൈകളിൽ ഉണ്ടായിരുന്ന ആയുധങ്ങൾക്കും, റോഡിന് ഇരുവശവുമായി ആക്രമണങ്ങളിൽ തകർന്നു കിടന്നിരുന്ന നൂറ് കണക്കിന് വാഹനങ്ങൾക്കും ഭയങ്ങളെ പുറത്താക്കിയ പൂക്കളുടെ ഗന്ധമായിരുന്നു..

* * *

വീശിയടിച്ച കാറ്റിലും, അലറിപെയ്ത മഴയിലും ഒമാനിലെ റബാബ് ഹർവീൽ ക്യാമ്പിലെ സുരക്ഷ പ്രതിസന്ധിയിലാകുമെന്ന് അധികാരികൾ അറിയിച്ചപ്പോഴാണ് ക്യാമ്പിലുണ്ടായിരുന്ന ആയിരക്കണക്കിന് ജീവനക്കാരെ ആയിരം കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി തുടങ്ങിയത്..

എല്ലാപേരെയും സുരക്ഷിതരാക്കി യാത്രയാക്കി, അത്യാവശ്യം ജീവനക്കാർ മാത്രം ക്യാമ്പിൽ സുരക്ഷിതമായി കഴിയുന്ന സാഹചര്യം ഉറപ്പാക്കുകയും ചെയ്ത ശേഷം ബാക്കിയുള്ളവരും ക്യാമ്പിൽ നിന്നും യാത്ര തിരിച്ചു..

ഞങ്ങൾ കയറിയ ലാൻഡ് ക്രൂയിസർ സലാല മസ്കറ്റ് ഹൈവേയിൽ കൂടി കാറ്റിനെ കീറി മുറിച്ചു യാത്ര തുടങ്ങയിട്ട്, സെക്കന്റുകൾ മാത്രം കഴിഞ്ഞതേയുണ്ടായിരുന്നുള്ളു..

എതിരെ വന്ന ബസ് ഞങ്ങളുടെ നേരെ പാഞ്ഞെത്തിയതും, വാഹനമോടിച്ചിരുന്ന ഒമാൻ സുഹൃത്ത് അതിവേഗത്തിൽ വാഹനം വെട്ടിച്ചു റോഡിന് പുറത്തേക്ക് ഓടിച്ചതും, കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു..

അരികിലൂടെ ചീറിപ്പാഞ്ഞു പോയ അപകടത്തിന്റെ ഞെട്ടലിൽ നിന്നും പുറത്തു കടക്കുവാനായി റോഡരുകിൽ നിറുത്തിയിട്ട വാഹനത്തിൽ പരസ്പരം നോക്കിയിരിക്കുമ്പോൾ, ഞങ്ങൾക്കിടയിൽ ആ സുഗന്ധം ഒഴുകി പരക്കുന്നുണ്ടായിരുന്നു..

* * *

ഇതൊന്നും കേട്ട് ആരും പാല തിരഞ്ഞിറങ്ങാൻ നിൽക്കണ്ട, ആ ഗന്ധം ഒരു തോന്നലാകാം, ധൈര്യം തരുന്ന ഒരു ചിന്തയാകാം..

ഇതുപോലുള്ള ഗന്ധങ്ങൾ പലരെയും ചേർത്ത് പിടിച്ചിട്ടുണ്ടാകും..

ചിലർ അത് തിരിച്ചറിയുന്നു, ചിലർ അത് അറിയുന്നതേയില്ല..

ഇത് എഴുതുമ്പോഴും പാലപ്പൂക്കളുടെ സുഗന്ധമാണ് അക്ഷരങ്ങൾക്കും, കാറ്റിനും..

#ഭൂതകാലപുരാണങ്ങൾ

No Comments

Post A Comment