03 May നീർമാതളത്തിന്റെ ഇതളുകൾ
ദേവി ആദ്യമായിട്ടാണ് അങ്ങനെയൊരു ആഗ്രഹം പറഞ്ഞത്.
‘നീർമാതളം പൂക്കുന്നത് കാണണം’.
‘ഈ നവംബറിൽ നീർമാതളത്തിന്റെ പൂക്കൾ തേടി എവിടെ പോകും.’
ചോദ്യത്തിനുള്ള ഉത്തരവും അവളുടെ കൈയിലുണ്ടായിരുന്നു.
‘മാധവികുട്ടി ഉറങ്ങുന്നത് ഇവിടെ പാളയത്തല്ലേ, അവിടെ പോകാം. പ്രീയപ്പെട്ടവൾക്കായി ഒരു പൂവെങ്കിലും കരുതിവെച്ചിട്ടുണ്ടാകും കമലയുടെ നീർമാതളം’.
‘കമല സുരയ്യയുടെ സ്‌മൃതിമണ്ഡപത്തിലേക്ക് ഒരു തീർത്ഥയാത്രയാണോ ആരാധിക ആഗ്രഹിക്കുന്നത്.’
ആ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവൾ ഫോൺ വെച്ചു.
പിന്നെ ഇതുവരെ ഇങ്ങോട്ട് വിളിച്ചിട്ടില്ല, അങ്ങോട്ട് വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നതുമില്ല.
‘ഈയിടെയായി നൊസ്സ് കുറച്ചു കൂടുതലാണല്ലോ?’ എന്ന് ചോദിച്ചതിനാണ് കഴിഞ്ഞയാഴ്ച ഫോൺ വെച്ചിട്ട് പോയത്. വീണ്ടും വിളിച്ചത് ഇന്നായിരുന്നു, അതോ നീർമാതളത്തിൽ തട്ടിയും പോയി. രാത്രിയിൽ വാട്ട്സ്ആപ്പിൽ മെസേജുകൾ വന്നു നിറയുന്നത് കണ്ടാണ് ഫോണെടുത്ത് നോക്കിയത്. ഒക്കെയും അവളുടെ ഓഡിയോ മെസേജുകളായിരുന്നു.
‘ഒരു കഥയെഴുതി തരുമോ, ഞാൻ ആശയം പറഞ്ഞു തരാം. “മരിച്ചു പിരിയുന്നവരും മരിക്കാതെ പിരിയുന്നവരും”, അവരെ കുറിച്ചൊരു കഥയെഴുതി തരണം’. ഇതായിരുന്നു ഉള്ളടക്കം.
ഇതിപ്പോ എന്താ അങ്ങനെ ഒരു ചിന്തയെന്ന് ചോദിക്കുവാനായി ഫോൺ എടുത്തതാണ്. ഇനിയും സംസാരിച്ചു കുഴപ്പമാക്കേണ്ടെന്ന് കരുതി ഫോൺ തിരികെ വെച്ചു. നീർമാതളവും മെസേജുകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തലങ്ങും വിലങ്ങും ആലോചിച്ചു.
പൂത്തിറങ്ങിയ നീർമാതളത്തിന്റെ വെളുത്ത പൂക്കളുടെ ഗന്ധം ചുറ്റിലും വന്നു നിറയുവാൻ തുടങ്ങി. ഒരു നിമിഷം നാലപ്പാട്ടെ പാമ്പിൻ കാവിൽ ചെന്നെത്തിയ പ്രതീതി. നട്ടപാതിരയ്ക്ക് നീർമാതളം തേടി മാധവിക്കുട്ടിയുടെ ഖബറിലേക്ക് പോകേണ്ടി വരുമോയെന്നതായി ചിന്ത.
ഏറെനേരം കിടന്നിട്ടും ഉറക്കം വന്നില്ല. ഫോണെടുത്ത് ‘തയ്യാറായി നിൽക്കൂ നമുക്ക് പോകാം’ എന്ന മെസേജിട്ടു തിരിയുമ്പോൾ തന്നെ മറുപടിയുമെത്തി, ‘ഞാൻ തയ്യാറാണ് രാവിലെ വാ’..
രാവിലെ ഇറങ്ങുമ്പോൾ നീർമാതളം നായകനായ പുസ്തകമെടുത്ത് വണ്ടിയുടെ ഡാഷിൽ വെച്ചു. ഒരു ഒത്തുതീർപ്പിന് ഉപകരിച്ചേക്കും.
വീടിന്റെ വാതിൽക്കൽ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു ദേവി. ഒരു പൊതിക്കെട്ടുമായാണ് അവൾ വണ്ടിയിലേക്ക് കയറിയത്. ഭദ്രമായി മുറുകെ പിടിച്ചിരിക്കുന്ന പൊതിക്കെട്ട് വണ്ടിയുടെ പുറകിൽ വെയ്ക്കുവാൻ പറഞ്ഞപ്പോൾ മുഴപ്പിച്ച ഒരു നോട്ടമായിരുന്നു മറുപടി.
വണ്ടിയിൽ കയറിയിരുന്നപാടെ ‘ഇനി വിട്ടോ’യെന്ന് കൽപ്പിച്ചു.
യാത്ര ആരംഭിച്ചുവെങ്കിലും, സംസാരം തുടങ്ങിയാൽ എന്താകും സംഭവിക്കുകയെന്ന് നിശ്ചയമില്ലാത്തതിനാൽ നിശ്ശബ്ദത പാലിച്ചിരുന്നു. പൊതിക്കെട്ട് തുറക്കുന്ന ശബ്ദം കേട്ടുവെങ്കിലും ആ ഭാഗത്തേക്ക് നോക്കിയതുമില്ല.
‘ഇന്നാ ഇത് നിനക്കുള്ളതാണ്.’ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് നീർമാതളത്തിന്റെ മറ്റൊരു പതിപ്പിലുള്ള പുസ്തകം.
‘ഒരു മിനിട്ട്’ എന്നു പറഞ്ഞുകൊണ്ട് വണ്ടി വശത്തേക്ക് ഒതുക്കി നിറുത്തി, ഡാഷിലിരുന്ന പുസ്തകമെടുത്ത് അവളുടെ കൈയിൽ വെച്ചുകൊടുത്തു.
‘ഓ നീ പെണ്ണുങ്ങളുടെ പുസ്തകങ്ങൾ വായിക്കുമല്ലേ’?. എന്നൊരു ചോദ്യവും ‘എന്നാൽ വണ്ടി വിട്ടോ’യെന്ന ആജ്ഞയും ഒപ്പമെത്തി.
കാർ മുന്നോട്ട് പോകുന്നതിനൊപ്പം ദേവി സംസാരിക്കുവാനും പൊതികെട്ടിൽ നിന്നും ഓരോ സാധനങ്ങളായി എടുത്തു കാണിക്കുവാനും തുടങ്ങി.
‘നിനക്കറിയോ?. എല്ലാ സ്ത്രീകളും ചിലപ്പോഴെല്ലാം കൗമാരത്തിന്റെ ലഹരി പൂക്കുന്നവരായിരിക്കും’.
‘ഇതിത്തിരി കട്ടിയിലാണല്ലോ സാഹിത്യം, മാധവികുട്ടി ആവേശിച്ചോ’?.
‘ആവേശിച്ചുവെന്ന് തന്നെ വെച്ചോ, നിനക്കിത് കാണണോ അതോ ഞാൻ മിണ്ടാതിരിക്കണോ’?.
‘വേണ്ട വേണ്ട മിണ്ടാതിരിക്കണ്ട, ഇതിപ്പം ആഴ്ചതോറും മിണ്ടാതിരിക്കുന്നുണ്ടല്ലോ അതുമതി, കാര്യം പറയേ..കാണിക്കേ എന്ത് വേണമെങ്കിലും ചെയ്തോ’.
‘ഇതുകണ്ടോ, വളപ്പൊട്ടുകൾ’.
ഒരു കട്ടിയുള്ള പേപ്പർ ബാഗിൽ പകുതിയോളം നിറഞ്ഞിരിക്കുന്ന പല നിറങ്ങളിലും വലിപ്പങ്ങളിലുമുള്ള കുപ്പിവളകളുടെ ചില്ലുകൾ. അതിനിടയിൽ പൊട്ടിയതും ചതഞ്ഞതുമായ മയിൽപീലികളുടെ മുറിഞ്ഞ ഭാഗങ്ങളും. ചെറുതായിട്ട് ഒന്ന് അമ്പരന്നെങ്കിലും കാര്യമാക്കിയില്ല.
‘ഇതെല്ലാം കൊണ്ടാണോ നീർമാതളം കാണാൻ പോകുന്നത്, അവിടെ കയറ്റുമോയെന്ന് പോലും അറിയില്ല’..
‘അതെന്താ ഇതൊന്നും നാട്ടിലാരും കണ്ടിട്ടില്ലാത്ത സാധനങ്ങളാണോ?. ആചാരങ്ങൾ മാറ്റിവെച്ച് നീർമാതളം നട്ടുപിടിപ്പിച്ച സ്‌മൃതിയിടമല്ലേ, അപ്പോൾ അവർക്ക് ഇതും മനസ്സിലാകും’.
‘മനസ്സിലായാൽ മതിയാരുന്ന്’..
‘വണ്ടി നിറുത്ത് ഞാൻ ഓട്ടോയിൽ പൊയ്ക്കോളാം’.
‘ഞാൻ ഒന്നും പറഞ്ഞില്ല, ഇതെല്ലാം അവിടെ കൊണ്ടുപോകാം. അവർ കയറ്റിയില്ലെങ്കിൽ മതിൽ ചാടാം പോരെ..അടങ്ങിയിരിക്ക്’.
പിന്നെ അധികം സംസാരമുണ്ടായില്ല.
പാളയം ജുമാമസ്ജിദ് കണ്ടതും ദേവി കൂടുതൽ ഉഷാറായി.
‘അതേ, ഇതൊരു മുസ്ളീം ആരാധനാലയമാണ് അവിടത്തെ ചിട്ടകൾ നമ്മുക്ക് അറിയില്ല. അതുകൊണ്ട് സമാധാനമായിട്ട് ഇരിക്ക് ഞാൻ പോയി അന്വേഷിച്ചിട്ടു വരാം’.
വണ്ടിക്കുള്ളിൽ തന്നെ ചെരുപ്പുകൾ അഴിച്ചിട്ട് പുറത്തേക്കിറങ്ങി. ഇനിയെങ്ങാനും ഞാൻ വരാൻ വൈകിയാൽ മതിൽ ചാടി അകത്തുകയറാൻ മടിക്കില്ല എന്ന മട്ടിലാണ് ദേവിയുടെ ഇരിപ്പ്. ഒരു മതിൽചാട്ടം ഒഴിവാക്കാൻ കഴിയണേയെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് പള്ളിയിലേക്ക് കയറിയത്.
ആദ്യം കണ്ടയാൾ സെക്രട്ടറിയെ കാണുവാൻ നിർദ്ദേശിച്ചു, സെക്രട്ടറിയെ കണ്ടപ്പോൾ അദ്ദേഹം അനുവാദം തന്നു, കൂട്ടത്തിൽ രണ്ട് നിർദ്ദേശങ്ങളും ‘ഫോട്ടോ എടുക്കരുത്, പൂക്കൾ വിതറരുത്’.
കമല സുരയ്യയുടെ ഖബർസ്ഥാനിലേക്ക് നടക്കുന്നതിനിടയിൽ നിബന്ധനകൾ ദേവിയോടും പറഞ്ഞു.
‘ദയവായി വളപ്പൊട്ടുകളും മയിൽപീലിയും ഒന്നും അവിടെ കൊണ്ട് വെക്കരുത്, വേണമെങ്കിൽ കൈയിൽ വെച്ച് കാണിച്ചോളൂ’.
‘ങും’..
കൂടുതലായി ഒന്നും സംസാരിക്കാതെ ഉള്ളിലേക്ക് നടന്നു. പള്ളിയിൽ നിന്നും കൂടെ വന്നൊരാൾ വഴികാട്ടിയായി മുന്നിലുണ്ടായിരുന്നു. ഒരു കല്ല് മാത്രമായിരുന്നു അടയാളം, പിന്നെ തലയുയർത്തി നിൽക്കുന്ന രണ്ട് നീർമാതളങ്ങളും. നീർമാതളത്തിന്റെ കൂട്ടുകാരി ഉറങ്ങുന്നയിടത്ത് അടയാളവാക്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
ദേവി പൊതി തുറക്കുന്നതും, പിറുപിറുക്കുന്നതുമെല്ലാം കേട്ടുവെങ്കിലും മിണ്ടിയില്ല. അബദ്ധം വല്ലതും കാണിച്ചാൽ തടയാൻ പാകത്തിൽ കൈയകലത്തിൽ തന്നെ നിന്നു.
അനർത്ഥങ്ങൾ ഒന്നുമുണ്ടാക്കാതെ പുറത്തിറങ്ങിയ ദേവി വണ്ടിയുടെ അരികിലേക്ക് നടന്നു.
വഴികാട്ടിയ മനുഷ്യനോട് നന്ദി പ്രകാശിപ്പിച്ചു തിരിയുമ്പോൾ അദ്ദേഹത്തിന്റെ മറുമൊഴിയുയർന്നു, ‘സാധാരണ സ്ത്രീകളെ ഖബർസ്ഥാനിൽ പ്രവേശിപ്പിക്കാറില്ല’. പ്രതിവചിക്കാതെ നന്ദിപൂർവ്വം ചിരിച്ചുകൊണ്ട് തിരികെ നടന്നു.
വണ്ടിയിൽ കയറി മുന്നോട്ട് എടുക്കുന്നതിനിടയിൽ ദേവിയുടെ മുഖത്തേക്ക് പാളിനോക്കി. കുറച്ചു സന്തോഷം ഒക്കെ കാണാനുണ്ട് എന്നാലും ഒന്നും പറയാൻ പറ്റില്ല. എങ്ങനാകും പ്രതികരിക്കുകയെന്ന് പ്രവചിക്കാനും കഴിയില്ല. തികട്ടിവന്ന ചോദ്യം പതുക്കെ വിഴുങ്ങി.
‘നമ്മുക്ക് ഒരു സ്ഥലത്ത് കൂടി പോകണം’.
‘പുന്നയൂർകുളത്തേക്ക് പോകണമെന്ന് പറയരുത്. പെട്രോളിനെല്ലാം ഒടുക്കത്തെ വിലയാണ് താങ്ങാൻ പറ്റൂല’.
‘അവിടെയൊന്നും പോകണ്ട, ഒരു പുസ്തകം വാങ്ങണം’.
നേരെ സ്റ്റാച്യുവിലെത്തി, എന്നെ കാറിലിരുത്തി പുസ്തകശാലയിലേക്ക് കയറിപ്പോയവൾ അരമണിക്കൂറോളം കഴിഞ്ഞു ഒരു കവറുമായി തിരികെ വന്നു.
വണ്ടിയിൽ കടന്നിരുന്ന ദേവി കവർ എനിക്ക് നേരെ നീട്ടി. ആ കവറിനുള്ളിൽ കമലാദാസിന്റെ ഇംഗ്ലീഷ് കവിതകളായിരുന്നു “ഒൺലി ദി സോൾ നോ ഹൌ ടു സിംഗ്”.
‘ഇത് കൊള്ളാമല്ലോ’.
‘എപ്പോഴും കഥകളുമായി നടന്നാൽ പോരാ, ഇടയ്ക്ക് കവിതകളും വായിക്ക് ബുദ്ധി തെളിയും’.
‘ശരി വായിക്കാം, ഇനി കവിത വായിക്കാത്തത് കൊണ്ട് ബുദ്ധിക്ക് കുറച്ചിലാകണ്ട’.
‘മാധവികുട്ടിയിൽ നിന്നും കമല സുരയ്യയിലേക്കുള്ള ദൂരം എത്രയാന്ന് അറിയോ’?.
‘എന്ത് ദൂരം, പേര് മാറിയാൽ ആള് മാറോ. ഏത് പേരായാലും അവരുടെ അക്ഷരങ്ങളോടാണ് പ്രീയം’..
‘ഞാൻ പറഞ്ഞ ആശയം ഓർമ്മയുണ്ടോ, “മരിച്ചു പിരിയുന്നവരും മരിക്കാതെ പിരിയുന്നവരും” ഇത് രണ്ടും അനുഭവിച്ചു തീർത്തതാണ് മാധവിക്കുട്ടിയുടെ..കമല സുരയ്യയുടെ ജീവിതം’.
‘അത് അറിയാമെങ്കിൽ എന്നോട് കഥയെഴുതാൻ പറയണമായിരുന്നോ’?.
‘നീ എന്തെഴുമെന്ന് എനിക്കറിയണമല്ലോ, ഭർത്താവ് ജീവൻ വേർപെട്ട് പിരിയുമ്പോഴും അവരിൽ പ്രണയം ബാക്കിയായിരുന്നു. പ്രണയം വെച്ചുനീട്ടിയൊരാൾ മതത്തിലേക്ക് പറിച്ചു നട്ടപ്പോഴും അവർ പ്രണയിനിയായിരുന്നു. ഒടുവിൽ മാധവികുട്ടി സുരയ്യയായി പരിവർത്തനം ചെയ്തത് മാത്രം ബാക്കി. ആ ഒരാൾ മരിക്കാതെ പിരിഞ്ഞപ്പോൾ അവർക്ക് നഷ്ടമായത് എന്തൊക്കെയാകും. പ്രണയം, ജീവിതം, പ്രതീക്ഷ അങ്ങനെ പലതും..അവർ പെണ്ണായിരുന്നു ആർക്കും മനസ്സിലാകാത്ത പെണ്ണ്’.
‘നീ ഇമോഷണൽ ആണോ’?.
‘ഏയ് ഞാനെന്തിനാ ഇമോഷണൽ ആകുന്നത്, അവരുടെ ജീവിതം ഒന്ന് വായിച്ചു നോക്കിയതാ’..
‘അവരുടെ പുസ്തകങ്ങൾ വായിച്ചാൽ പോരേ, ജീവിതം വായിക്കുവാൻ അവരെ നമ്മുക്കറിയില്ലല്ലോ’.
‘നമ്മുക്ക് അറിയില്ലെന്നല്ല, നിങ്ങൾക്ക് അറിയില്ലെന്ന് പറ. നിങ്ങൾ ആണുങ്ങൾക്ക് ഒരു സ്ത്രീയേയും അറിയില്ലെന്ന് പറ’..
‘തല്ലുണ്ടാക്കാനാണെങ്കിൽ ഞാനില്ല, എന്നെ വിട്ടേക്ക്’..
‘ഞാനിന്നലെ ഒരു പെണ്ണിനെ കണ്ടു, അവളുടെ ആർജ്ജവം കണ്ടു’.
‘അതെന്താ ഇതിന് മുൻപ് വേറെ ഒരു പെണ്ണിനേയും നീ കണ്ടിട്ടില്ലേ’?.
‘അതെല്ലാം കണ്ടിട്ടുണ്ട്, ഈ പെണ്ണിന് നട്ടെല്ലുണ്ട്’.
‘അതെന്താ മറ്റ് പെണ്ണുങ്ങൾക്കൊന്നും നട്ടെല്ലില്ലേ’?.
‘അല്ല സാധാരണ നട്ടെല്ലുള്ള ആണുങ്ങൾ എന്നാണല്ലോ പ്രയോഗം, ഇതിപ്പോൾ അഹങ്കാരിയായ ഒരുവന്റെ മുഖത്ത് നോക്കി അങ്ങനെ പറയാൻ തന്റേടം കാട്ടിയവളെ ആദ്യമായിട്ട് കാണുകയാണ്’.
‘എങ്ങനെ പറയാൻ’?.
‘അവൻ അവളോട് പറഞ്ഞു, അവന്റെ കരുതലും സംരക്ഷണവുമാണ് അവളെ സുരക്ഷിതയാക്കുന്നതെന്ന്. ഉടനെ തന്നെ അവളും മറുപടി പറഞ്ഞു. എന്നെ കരുതാനും സംരക്ഷിക്കാനും എനിക്കറിയാം അതിന് ഒരാണിന്റെയും ഔദാര്യം ആവശ്യമില്ലെന്ന്’.
‘ആഹാ കൊള്ളാല്ലോ, മിടുക്കിയാണല്ലോ. ഇതിനാണോ മാധവികുട്ടിയേയും കമല സുരയ്യയെയും ഒക്കെ ബുദ്ധിമുട്ടിച്ചത്’.
‘നിനക്ക് അവൾ ആരാണെന്നറിയണ്ടേ’?.
‘ആരാ..പറ’?..
‘എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ, കമലാദാസിന്റെ വരികളാണ്. എല്ലാ പെണ്ണിലും കൗമാരം മാത്രമല്ല കമലാദാസുമുണ്ട്’.
പിന്നെയൊന്നും അവൾ മിണ്ടിയില്ല, ആ പെണ്ണാരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, പ്രതികരണം എന്താകുമെന്ന് ഒരു ധാരണയുമില്ലാത്തതിനാൽ മൗനം ഭൂഷണമാക്കി.
വീട് എത്തിയപാടെ വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയ ദേവി ഇതുവരെയും വിളിച്ചിട്ടില്ല. രാത്രിയിൽ ഒരു മെസേജ് മാത്രമാണ് വന്നത്. “വളപ്പൊട്ടുകളും മയിൽപ്പീലിയും മാത്രമല്ല ഇരട്ടക്കുഴൽ തോക്കുകൾ സൂക്ഷിക്കുന്ന സ്ത്രീകളുമുണ്ട്”.
ദിലിപ്രസാദ് സുരേന്ദ്രൻ
No Comments