ഗുവഹാത്തിയിലെ പെൺകുട്ടി

അത്രയേറെ പ്രീയപ്പെട്ട ഓർമ്മകളുടെ പിന്നാമ്പുറങ്ങളെല്ലാം യാത്രകളാണ്.

അങ്ങനെയൊരു യാത്ര സമ്മാനിച്ച അത്ഭുതമാണ് ആ പെൺകുട്ടി.

നാഗാലാൻഡിലെ ദിമാപൂരിൽ വെച്ചു നടന്ന സൗത്ത് ഏഷ്യൻ യൂത്ത് ഫ്രട്ടേണിറ്റിയിൽ പങ്കെടുക്കാൻ പോയ യാത്രയിലാണ് അവളെ കണ്ടത്.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി അവിടെന്ന് ഗുവഹാത്തി ട്രെയിനിൽ കയറിയായിരുന്നു യാത്ര, രണ്ടാം ക്ലാസ്സ് കമ്പാർട്ട്മെന്റിലെ ആദ്യരാത്രിയിലെ ഉറക്കം തീവണ്ടിയുടെ കുലുക്കവും ശബ്ദവും കാരണം നേരാംവണ്ണം പൂർത്തിയാക്കാനായില്ല.

നേരം വെളുക്കും മുൻപ് തന്നെ വശത്തെ ജനാലയുടെ വാതിൽ തുറന്നിട്ട് കാഴ്കളിലേക്ക് ഊളിയിടാൻ വിഫലശ്രമം നടത്തുന്നതിനിടയിൽ അറിയാതെ ഒന്ന് മയങ്ങിപ്പോയി.

സഹയാത്രികൻ സമ്മാനിച്ച കാപ്പിയുടെ രുചിയിൽ ഉറക്കത്തെ മറികടന്ന് കാഴ്ചകളിലേക്ക് മടങ്ങിയപ്പോൾ തീവണ്ടി മദ്രാസ് സെൻട്രലിൽ ചൂളം വിളിച്ചു കിടപ്പായിരുന്നു.

തൊട്ടുമുന്നിലെ സീറ്റിൽ ഒരു അച്ഛനും മകളും ഇരിക്കുന്നതും, തലേ രാത്രിയിൽ ഒഴിഞ്ഞു കിടന്നിരുന്ന സീറ്റുകളിലെല്ലാം ആളുകൾ ഇരിപ്പിടം ഉറപ്പിച്ചതും, കാപ്പിയും ചായയും പലതരം പലഹാരങ്ങളുമായി കച്ചവടക്കാർ തിക്കിത്തിരക്കുന്നതും നോക്കിയിരുന്ന് കാപ്പിയുമായുള്ള പോരാട്ടം തുടർന്നു.

പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധിച്ചത്, തലേദിവസം മലയാളം മാത്രം കേട്ടിരുന്ന തീവണ്ടിമുറിയിൽ നിന്നും പലതരം ഭാഷകൾ കേൾക്കാൻ തുടങ്ങിയിരിക്കുന്നു.

മലയാളവും തമിഴും ഹിന്ദിയും തരാതരം പ്രയോഗിച്ചു മിടുക്കുകാട്ടുന്ന കാപ്പി കച്ചവടക്കാരനെ കണ്ട് അന്തംവിട്ടിരിക്കുന്നതിനിടയിലാണ് മുന്നിലിരുന്ന അച്ഛനും മകളും മറ്റൊരു ഭാഷയിൽ സംസാരിക്കാൻ ആരംഭിച്ചത്.

മലയാളം മാത്രം സംസാരിക്കുന്ന, ഒരളവുക്ക് പറവായല്ലാതെ തമിഴിൽ പേശാൻ പറ്റുന്ന ഞാൻ ഹിന്ദിയിൽ മുട്ടി വീഴുമോയെന്ന് ഭയന്നിരിക്കുന്നതിനിടയിലാണ്, തൊട്ടടുത്ത് നിന്നും അന്നുവരെ കേട്ടിട്ടില്ലാത്ത ഭാഷ കേൾക്കുന്നത്.

ഇടയ്ക്കിടെ ഏറുകണ്ണിട്ട് നോക്കുന്ന പെൺകുട്ടി അവളുടെ അച്ഛനോട് എന്തെല്ലാമോ പറയുന്നതും, മറുപടി പറയുന്ന കൂട്ടത്തിൽ അയാൾ എന്റെ അരികിലേക്ക് എണീറ്റു വന്നതും പെട്ടെന്നായിരുന്നു.

ആദ്യമൊന്ന് അമ്പരന്നെങ്കിലും അയാളുടെ ഭായി എന്നുള്ള വിളി കേട്ടതോടെ ഇത്തിരി സമാധാനമായി.

ഹിന്ദി പ്രചാരസഭ പരീക്ഷകൾക്കായി പ്രഥമയും ദൂസരിയും രാഷ്ട്രവും പഠിപ്പിച്ച ഗുരുനാഥന്മാരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് അയാളുടെ വാക്കുകൾക്കായി കാതുകൂർപ്പിച്ചു.

ആ പെൺകുട്ടിയെ എന്റെ അരികിലേക്ക് നീക്കിയിരുത്തിയിട്ട് അയാൾ പറഞ്ഞതിൽ നിന്നും ഏകദേശം മനസ്സിലായത്, അയാൾ വരുന്നതുവരെ അവളെ ഒന്ന് നോക്കിക്കോളണം എന്നായിരുന്നു.

ടീക്ക് ഹേ ഭായി എന്നൊരു കാച്ചുകാച്ചി അവളുടെ സംരക്ഷണ ചുമതല ഞാൻ ഏറ്റെടുത്തു.

രണ്ടുപേർ മുഖാമുഖം ഇരിക്കുന്ന സീറ്റുകളുടെ ചാരുന്ന ഭാഗങ്ങൾ ചേർത്തിട്ട് കിടക്കാൻ പാകത്തിലാക്കി ഒരറ്റത്ത് ഞാനിരുന്നു, ബാക്കി ഭാഗത്ത് അവളുടെ അച്ഛന്റെ ബാഗിൽ പിടിച്ചുകൊണ്ട് അവളും.

നിറയെ പൂക്കളുള്ള ഫ്രോക്കിട്ട അവളുടെ ബോയ്‌ക്കട്ട് ചെയ്ത തലമുടി കാറ്റിൽ പാറിപ്പറക്കുന്നതും നോക്കിയിരുന്ന എന്നോട് അവൾ എന്തോ പറഞ്ഞു, ഭാഷ മനസ്സിലാകാത്തത് കൊണ്ടും, തിരികെ മറുപടി പറയുകയെന്ന സാഹസം ഒഴിവാക്കാനുമായി ഞാൻ പുറത്തെ കാഴ്ചയിലേക്ക് മടങ്ങി.

കുറച്ചുനേരത്തെ പ്രകൃതി നിരീക്ഷണത്തിന് ശേഷം ഞാൻ തിരികെയെത്തിയപ്പോഴേക്കും ആ ബാഗും കെട്ടിപ്പിടിച്ചവൾ ഉറക്കം തുടങ്ങിയിരുന്നു.

“ജീവിതകാലം മുഴുവൻ ഓർത്തിരിക്കുവാനുള്ള മനോഹരമായ ഓർമ്മകൾ സമ്മാനിക്കുവാൻ പോകുന്ന പെൺകുട്ടിയാണ് നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് എന്റെ മുന്നിൽ കിടന്നുറങ്ങുന്നതെന്ന സത്യം അപ്പോൾ അറിഞ്ഞിരുന്നില്ലായെന്നതാണ് ശരിക്കുമുള്ള ട്വിസ്റ്റ്”.

അവളുടെ അച്ഛൻ മടങ്ങി വന്നതും, ഞങ്ങൾ പരിചയപ്പെട്ടതും കാപ്പി കുടിച്ചു സുഹൃത്തുക്കളായതുമൊന്നും അറിയാതെ അവൾ വെകുന്നേരം വരെ സുഖമായുറങ്ങി.

അസ്തമയസൂര്യന്റെ ചുവപ്പിൽ ലയിച്ചു കിടന്ന ട്രെയിനിലെ വിളക്കുകൾ തെളിയാൻ തുടങ്ങിയപ്പോഴാണ് അവൾ ഉണർന്നത്, ആദ്യം ഒരു അമ്പരപ്പോടെ ചുറ്റും നോക്കിയവൾ അച്ഛനെ പറ്റിച്ചേർന്നു.

സ്ഥലകാലബോധം വീണ്ടുകിട്ടിയിട്ടാകണം എന്റെ മുഖത്തേക്ക് നോക്കി വെളുക്കെ ചിരിച്ചു, അവളുടെ ചിരിക്ക് മറുചിരി സമ്മാനിച്ചു ഞാൻ വീണ്ടും പുറത്തേക്ക് കണ്ണുകൾ പായിച്ചു.

ഭക്ഷണം കഴിച്ചു ഉറങ്ങാനുള്ള ശ്രമം നടത്തുന്നതിനിടയിൽ അവൾ അടുത്തെത്തി, എന്തെല്ലാമോ പറഞ്ഞു കൂട്ടത്തിൽ ദാദ എന്നൊരു വാക്ക് മാത്രമാണ് മനസ്സിലായത്.

മലയാളം തമിഴ് സിനിമകളിൽ കാണിക്കാറുള്ളതുപോലെ അവളുടെ അച്ഛൻ ദാദയെങ്ങാനും ആണെന്നാണോ അവൾ ഉദ്ദേശിച്ചത്, എന്തായാലും കുറച്ച് സൂക്ഷിക്കണമെന്ന് ചിന്തിക്കുന്നതിനിടയിൽ അവൾ മുകളിലത്തെ ബെർത്തിൽ കയറി വീണ്ടും ഉറക്കം തുടങ്ങി.

രാവിലെ താഴേക്കിറങ്ങി വന്നവൾ എന്റെ അരികിൽ കയറിയിരുന്ന് ചില്ലുജാലകത്തിലൂടെ പുറത്തെ കാഴ്ചകൾ കാണാൻ തുടങ്ങി, അവൾക്ക് സൗകര്യമായിരിക്കാൻ സ്ഥലം കൊടുത്തുകൊണ്ട് ഞാൻ സീറ്റിന്റെ വശത്തേക്ക് ചാരിയിരുന്നു.

അടുത്ത സ്റ്റേഷനിൽ നിന്നും ഒരു കുടുംബം കൂടി ഞങ്ങളുടെ തീവണ്ടിമുറിയിൽ കയറി, അച്ഛനും അമ്മയും ഒരു ആൺകുട്ടിയും. ഔപചാരികമായി പരിചയപ്പെട്ടതോടെ അവരോടൊപ്പം ഉണ്ടായിരുന്ന ആൺകുട്ടി ഞാനും അവളും ഇരിക്കുന്ന സീറ്റിലേക്ക് വന്നിരുന്നു.

അവർക്കിടയിൽ ഭാഷ പ്രശ്നമല്ലാതായതോടെ, സംസാരിക്കാൻ ഭാഷ തന്നെ ആവശ്യമില്ലെന്ന തിരിച്ചറിവുണ്ടായ ഞാനും അവരോടൊപ്പം കൂടി അവരുടെ കളിചിരികളിൽ പങ്കുപറ്റി.

അവളുടെ അച്ഛൻ സീറ്റിൽ വന്നിരുന്നതും, സംസാരിച്ചതും ഒന്നും അവൾ കാര്യമാക്കിയില്ല.

കൂടുതൽ സംസാരിച്ചതിൽ നിന്നും അവളും അച്ഛനും മദ്രാസിൽ വന്നത് അവളുടെ ഓപ്പറേഷന് വേണ്ടിയായിരുന്നുവെന്നും മാസങ്ങൾക്ക് ശേഷമാണ് നാട്ടിലേക്ക് തിരികെ പോകുന്നതെന്നും മനസ്സിലായി.

വളരെ ഉത്സാഹത്തോടെ കളിച്ചു ചിരിച്ചിരിക്കുന്ന അവളെ നോക്കിയിട്ട് ഒരു ഓപ്പറേഷൻ കഴിഞ്ഞ ലക്ഷണം തോന്നാത്തതിനാൽ കൂടുതൽ ഒന്നും ചോദിച്ചില്ല.

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞപാടെ അവളുടെ അച്ഛൻ മുകളിലെ ബെർത്തിൽ കയറി ഉറക്കം ആരംഭിച്ചു.

സീറ്റിൽ ചാരിയിരുന്ന ഞാനും എപ്പോഴോ മയങ്ങി. നെഞ്ചിൽ ആരോ തലചേർത്ത് വെച്ചിരിക്കുന്നതറിഞ്ഞാണ് കണ്ണുകൾ തുറന്നത്, നോക്കുമ്പോൾ അവളാണ്.

ഉണർത്തേണ്ടയെന്ന് കരുതി അനങ്ങാതെയിരുന്നു, അവളുടെ മുഖത്തേക്ക് നോക്കി ഇവൾക്ക് എന്ത് ഓപ്പറേഷനാകും ചെയ്തത് എന്നാലോചിച്ചിരുന്നു.

കുറേനേരത്തിന് ശേഷം അവൾ കണ്ണുതുറന്നു, എന്നെ നോക്കി ചിരിച്ചിട്ട് എന്റെ കൈയെടുത്ത് അവളുടെ പുറത്തുകൂടെ വെച്ചു എന്നെ ചേർന്നിരുന്നു.

ജിജ്ഞാസ അടക്കാനാകാതെ വന്നപ്പോൾ അറിയാവുന്ന ഹിന്ദിയിൽ അവളോട് ‘ക്യാ ഓപ്പറേഷൻ’ എന്നുമാത്രം ചോദിച്ചു, എന്റെ അടുത്തുനിന്നും താഴേക്കിറങ്ങിയ അവൾ പെട്ടെന്ന് അവളുടെ പെറ്റിക്കോട്ട് മുകളിലേക്ക് ഉയർത്തിപ്പിടിച്ചു.

ഒരു നിമിഷം സ്തബ്ദനായിപ്പോയി.

കഴുത്തിനുതാഴെ നിന്നും നെഞ്ച് തുടങ്ങുന്ന ഭാഗം മുതൽ താഴേക്ക് നെടുകെ നീളത്തിൽ വലിയൊരു മുറിപ്പാട്, തുന്നൽ ഉണങ്ങിയതിന്റെ പാടുകൾ മങ്ങിവരുന്നതേയുള്ളൂ.

സത്യം പറഞ്ഞാൽ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി, അവളെ പിടിച്ചു അരികിൽ ഇരുത്തി. നിറഞ്ഞു വന്ന കണ്ണുകൾ അവളറിയാതെ ചുമലിൽ തുടച്ചു.

ഏകദേശം നാലോ അഞ്ചോ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയത്തിലെ തകരാറ് പരിഹരിക്കാൻ ഓപ്പൺ ഹാർട്ട് സർജറി നടത്തിയതാണെന്ന് അവളുടെ അച്ഛൻ പിന്നീട് പറഞ്ഞറിഞ്ഞു.

പിന്നെയുള്ള രണ്ട് രാത്രികളും പകലും അവൾ എന്റെ അരികിൽ നിന്നും മാറിയതേയില്ല, കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയും അവൾ ആരെല്ലാമോ ആയിമാറി.

കൈയിലെ ക്യാമറയിൽ അവൾക്കൊപ്പം ഇരിക്കുന്ന ചിത്രം അവളുടെ അച്ഛന്റെ സമ്മതത്തോടെയാണ് പകർത്തിയത്, ഇരുപത്തിനാല് വർഷങ്ങൾക്കിപ്പുറം പഴയ ശേഖരത്തിൽ നിന്നും അന്നത്തെ ആ ചിത്രം കണ്ടെടുത്തത് എന്റെ മകളാണ്.

മകളുടെ അന്വേഷണത്തിന് മറുപടി പറയുമ്പോഴാണ് തിരിച്ചറിഞ്ഞത്.

എന്റെ കണ്ണുകൾ കൈകൾ കൊണ്ട് പൊത്തിപ്പിടിച്ച് എന്റെ നെറ്റിയിലും ചുണ്ടിലും ഉമ്മകൾ തന്നിട്ട് യാത്ര പറഞ്ഞുപോയ പെൺകുട്ടി എനിക്ക് ആരായിരുന്നുവെന്ന്.

എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന ആറുവയസ്സുകാരിയായ മകളുടെ ചിരികളിൽ അവളുണ്ട് ഗുവഹാത്തിയിലെ പെൺകുട്ടി.

അന്നത്തെ അഞ്ചുവയസ്സുകാരിയുടെ ഓർമ്മകളിൽ എവിടെയെങ്കിലും ആ യാത്രയും ഞാനും ഉണ്ടാകുമോയെന്ന് അറിയില്ല, ബ്രഹ്മപുത്രയുടെ ഹുങ്കാരത്തിൽ ഭയന്ന് എന്റെ നെഞ്ചിലൊളിച്ച അവൾ അവിടെ തന്നെയുണ്ട്, എങ്ങും പോയിട്ടില്ല !.

#ഭൂതകാലപുരാണങ്ങൾ

No Comments

Post A Comment