03 May കിനാവള്ളിയുടെ കാലുകൾ
‘അളി നീ മൊട്ടയേയും വിളിച്ചോണ്ട് വരുമോ’..
‘ഞാൻ വരാം, അവന്റെ കാര്യം അറിയില്ല’.
‘നീയൊക്കെ ഇങ്ങനെ തന്നല്ലോ, നമ്മുക്ക് ഒരാവശ്യം വരുമ്പം ഒരുത്തനും കാണൂല’.
‘നീ അങ്ങനെ പറയരുത്, കഴിഞ്ഞ ആഴ്ച ഞങ്ങൾ വരാന്ന് പറഞ്ഞതല്ലേ’.
‘എന്തിന്; അന്ന് ഞാൻ എന്റെ മോളേം കൊണ്ട് മണ്ടയ്ക്കാട് പോണെന്ന് പറഞ്ഞില്ലേ. അപ്പോൾ നിങ്ങൾ വരുമെന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ, അല്ലെങ്കിൽ തന്നെ ഈയാഴ്ച പോകാനുള്ളിടത്ത് കഴിഞ്ഞയാഴ്ച പോയിട്ട് കാര്യമുണ്ടോ’.
‘എന്തായാലും ഞാൻ വരാം, പറ്റിയാൽ അവനെയും കൊണ്ട് വരാം’.
‘നീയൊക്കെ എന്തെങ്കിലും ചെയ്യടെ’..
ഇത്രയും പറഞ്ഞവൾ ഫോൺ കട്ടാക്കി.
നേരം വെളുത്തിട്ട് അഞ്ചാമത്തെ വിളിയാണ്, അവൾക്ക് ഈയിടെയായി വാശി കുറച്ച് കൂടുതലാണ്.
കോളേജിൽ നിന്നിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ ആകാൻ പോകുന്നു.
ജോലിയും വീടും കുടുംബവും കുട്ടികളുമെല്ലാമായി പലരും പലയിടങ്ങളിലായി സെറ്റിലായി കഴിഞ്ഞു. ഹേമ മാത്രം ഇപ്പോഴും കൂട്ടുകാരെയെല്ലാം തിരഞ്ഞു പിടിച്ചു സൗഹൃദം പുതുക്കുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുന്നു, ഫേസ്ബുക് ഗ്രൂപ്പുണ്ടാക്കുന്നു. പോരാത്തതിന് ഞായറാഴ്ച തോറും ഗൂഗിൾ മീറ്റ് വെക്കുന്നു.
ആദ്യമെല്ലാം രസമായിരുന്നെങ്കിലും ഇപ്പോൾ കൂട്ടുകാരിൽ പലരും പിടികൊടുക്കാതെയുള്ള ഓട്ടമാണ്. നൂറായിരം പ്രശ്നങ്ങളുമായി നടക്കുന്നവരെ പിടിച്ചു ഗ്രൂപ്പിൽ ചേർത്തിട്ട് പലതരം ടാസ്കുകൾ ഒക്കെ കൊടുത്താൽ ആരെങ്കിലും നിൽക്കുമോ.
ഇതെങ്ങാനും ഹേമയോട് പറയാൻ ചെന്നാൽ അവൾ അതോടെ പരിഭവത്തിന്റെ കെട്ടഴിക്കും. പിന്നെ അത് പിണക്കവും വഴക്കുമാകും, ചിലപ്പോൾ ആഴ്ചകളോളം മിണ്ടിയില്ലെന്ന് തന്നെ വരും.
എല്ലാപേരെയും സന്തോഷിപ്പിക്കാൻ നടക്കുന്നവളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഞാനും മുരളിയും പുറകെ നടന്ന് മിണ്ടും. ചില്ലറ പൊട്ടിത്തെറിയൊക്കെ ഉണ്ടായാലും അവസാനം അളീ എന്ന വിളിയിൽ അവൾ അലിയും.
ശരീരത്തിന് ചുറ്റുമുള്ള നെടുങ്കൻ കാലുകളാൽ എന്തിനെയും തന്നിലേക്ക് വരിഞ്ഞു കെട്ടുന്ന കിനാവള്ളിയാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുന്നവളോട് തർക്കിച്ചിട്ട് കാര്യമില്ല.
ചിലപ്പോഴെങ്കിലും അവളൊരു കിനാവള്ളിയാണെന്ന് ഞങ്ങൾക്കും തോന്നാറുണ്ട്, സകലരെയും തന്നിലേക്ക് ചേർത്തുപിടിക്കുവാൻ വിരുതുള്ള കിനാവള്ളി.
വിഴിഞ്ഞം മറൈൻ അക്വേറിയത്തിലേക്ക് സഹപാഠികളും കുടുംബങ്ങളും കൂടി ടൂർ പോയപ്പോഴാണ് ഹേമ ഒക്ടോപസായി പരിണമിച്ചതെന്നാണ് ഓർമ്മ.
ഗ്ലാസ് കൊണ്ടുള്ള ടാങ്കിനുള്ളിലെ ഉപ്പുവെള്ളത്തിൽ കാലുകളിളക്കി നീന്തി തുടിക്കുകയായിരുന്നു ഒക്ടോപസ്. ശരീരത്തിന് ചുറ്റും കാലുകളുമായി അതിവേഗം സഞ്ചരിക്കുന്ന ഒക്ടോപസിന്റെ മലയാളം കിനാവള്ളിയാണെന്ന് കണ്ടുപിടിച്ചതും പറഞ്ഞതും ഹേമയാണ്.
‘അളി നീയും കിനാവള്ളിയാടീ, ഞങ്ങളെയെല്ലാം തിരഞ്ഞു പിടിച്ചു നിന്റെ കൈകളിൽ ബന്ധിച്ചിരിക്കുകയല്ലേ’; മുരളിയുടെ കമന്റിനോട് എല്ലാപേരും ചിരിച്ചാണ് പ്രതികരിച്ചത്.
ഒക്ടോപസിന്റെ കണ്ണാടിക്കൂട്ടിൽ നിഴലിച്ചിരുന്ന ഹേമയുടെ പ്രതിബിംബവും കിനാവള്ളിയുടെ രൂപവും ഒരേപോലെയാണെന്ന് എനിക്ക് തോന്നി. അവളുടെ ശരീരം നിറയെ വള്ളികൾ പോലുള്ള കാലുകൾ; ഓരോ കാലിലും ചുറ്റിപ്പിടിച്ചിരിക്കുന്ന രൂപങ്ങൾക്ക് ഞങ്ങളുമായി സാമ്യം.
അവൾ തുഴഞ്ഞു പോകുന്നതിനൊപ്പം അവളുടെ കാലുകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ഞങ്ങളും മുങ്ങിയും പൊങ്ങിയും മുന്നോട്ട്..
‘എടാ വണ്ടി നിറുത്ത്, പരീക്ഷാഭവൻ കഴിഞ്ഞു’.
‘ഞാൻ കിനാവള്ളിയെ കുറിച്ച് ഓർക്കുകയായിരുന്നു, സ്ഥലമെത്തിയത് ശ്രദ്ധിച്ചില്ല’.
‘ഡേയ് ഇനി ലവൾ കേറി കലിപ്പാക്കുമോ’?.
‘എന്തിന്’?.
‘നീ അവൾ വിളിച്ചപ്പോഴൊന്നും പറഞ്ഞില്ലല്ലോ, നമ്മൾ വരുന്ന കാര്യം’.
‘ടാ മോട്ടേ..അതൊന്നും സാരമില്ല, അവൾക്ക് നമ്മളെ ഒന്നിച്ചു കാണുമ്പോൾ ഹാപ്പിയാകും’.
‘ഹാപ്പിയായാൽ മതിയായിരുന്ന്’..
‘അതൊക്കെ ആക്കാം, നീ വാ’..
വണ്ടി റോഡരുകിൽ പാർക്ക് ചെയ്ത് അകത്തേക്ക് നടന്നു.
ഓഫീസിന്റെ റിസപ്‌ഷനിൽ അവളുടെ പേര് പറഞ്ഞപ്പോഴേ അവിടെയിരുന്ന പ്രായമുള്ള ചേട്ടൻ നിറഞ്ഞ ചിരിയോടെ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടു.
‘കിനാവള്ളിയുടെ കാലുകൾ ഓഫീസ് മുഴുവൻ ചുറ്റിവരിഞ്ഞിരിക്കുകയാണല്ലോ’.
മുരളിയുടെ കമന്റിന് മറുപടി കൊടുക്കും മുൻപ് തൊട്ട് മുൻപിൽ അവൾ പ്രത്യക്ഷപ്പെട്ടു.
‘അളി ഇവനെ എവിടുന്ന് കിട്ടിയെടാ’..
‘അത് ഞാൻ വീട്ടിൽ ചെന്ന് പൊക്കി’..
‘നിന്നോടല്ല, ഞാൻ മൊട്ടയോടാണ് ചോദിച്ചത്’.
‘അതുശരി; ഊണും ഉറക്കവും കളഞ്ഞു അവനെയും കൊണ്ട് ഇതുവരെ വന്ന ഞാനിപ്പോൾ ആരായി’..
‘വാ വാ, ഞാനൊന്നും പറഞ്ഞില്ല’.
ഹേമ തിടുക്കപ്പെട്ട് പടികളിറങ്ങി, റിസപ്‌ഷനിൽ ഇരുന്ന ചേട്ടൻ സന്തോഷത്തോടെ കൈ കാണിച്ചതിന് ചിരികൊണ്ട് നന്ദി പ്രകാശിപ്പിച്ചവൾ വേഗത്തിൽ പുറത്തിറങ്ങി.
‘ഡാ വണ്ടിയെടുക്ക്, നമ്മുക്ക് പൗഡിക്കോണം വരെ പോകണം’.
‘പൗഡിക്കോണോ’?.
‘ഓ തന്നാ, എന്ത് കേട്ടിട്ടില്ലേ’..
‘കേട്ടിട്ടുണ്ട്, വാ കേറിക്കോ’..
വണ്ടി പൂജപ്പുര നിന്നും ജഗതി വഴി പൗഡിക്കോണത്തേക്ക് വിട്ടു.
‘അളി, നമ്മൾ എവിടെയാണ് പോകുന്നത്’.
മുരളി സംസാരത്തിന് തുടക്കമിട്ടു.
‘നമ്മൾ ഉദയനെയും കലയെയും കാണാൻ പോകുന്നു’.
‘ഏത് ഉദയൻ’..
‘നമ്മുടെ കലൈഞ്ജർ ഉദയൻ, കലയെ കല്ല്യാണം കഴിച്ച’..
‘അവർ സിറ്റിയിൽ എവിടെയോ അല്ലേ’..
‘അല്ല ഇപ്പോഴവർ പൗഡിക്കോണത്താണ് താമസം. അവരുടെ മകളുടെ കല്ല്യാണം കഴിഞ്ഞു, ഞാൻ പോയിരുന്നു’.
ഞാൻ പതുക്കെ ഹേമയെ നോക്കി, നമ്മളൊന്നും അറിയാത്ത കല്ല്യാണം ഇവൾ മാത്രമെങ്ങനെ അറിഞ്ഞുവെന്ന ഒരു ഭാവം എന്റെ മുഖത്തുണ്ടായിരുന്നത് അവൾ മനസ്സിലാക്കി.
‘ഡാ നീയൊക്കെ കിനാവള്ളിയെന്ന് പറഞ്ഞാൽ എന്താണെന്ന് കരുതി, ഞാൻ എല്ലായിടത്തും എത്തും’.
‘അതല്ലാടി നീയല്ലേ ഏതോ കല്ല്യാണം ഞായറാഴ്ചയാണ് നമ്മുക്ക് പോണം എന്നെല്ലാം പറഞ്ഞത്, എന്നിട്ടിപ്പോൾ കല്ല്യാണം കഴിഞ്ഞതിന്റെ ബാക്കി വല്ലതുമുണ്ടെങ്കിൽ കഴിക്കാനാണോ അങ്ങോട്ട് പോകുന്നത്’.
‘കല്ല്യാണമല്ലേ, അത് ഉദയന്റെ മോളുടെ അല്ല’.
‘ഇതിപ്പോൾ നമ്മൾ എവിടെയാണ് പോകുന്നത്’?.
‘ഉദയന്റെ വീട്ടിൽ’..
ഞാനും മുരളിയും പരസ്പരം നോക്കി, മുരളി എന്തെങ്കിലും ആകട്ടെയെന്ന് ആംഗ്യം കാണിച്ചു.
ഉദയന്റെ വീട്ടിൽ എത്തും വരെ ഹേമ നിശ്ശബ്ദയായിരുന്നു.
വർഷങ്ങൾക്ക് ശേഷം കണ്ടതിന്റെ ക്ഷീണം മുഴുവൻ ഉദയൻ ഒറ്റ കെട്ടിപ്പിടിത്തത്തിൽ തീർത്തു. സുന്ദരിയായിരുന്ന കല തനി വീട്ടമ്മയായി പരകായപ്രവേശം നടത്തിയിരിക്കുന്നു.
ആദ്യത്തെ ആവേശം തണുത്തപ്പോൾ ആർക്കും ഒന്നും സംസാരിക്കാനില്ലാത്ത പോലെ, രംഗം അവാർഡ് പടമാകുമെന്ന് കരുതിയ മുരളി ഇടപെട്ടു.
‘ഇതിപ്പോൾ എല്ലാ മാസവും മഴയാണ്, ഇത് കേരളമാണോ ചിറാപൂഞ്ചിയാണോയെന്ന് തിരിച്ചറിയാൻ പറ്റാതായി’.
‘അന്റാർട്ടിക്കയിൽ മഞ്ഞ് ഉരുകുന്നുവെന്നും, ആഗോളതാപനം കൂടുമെന്നും നാഴികയ്ക്ക് നാൽപ്പത് വട്ടം പറഞ്ഞവരെയൊന്നും കാണാനില്ല. ഇനിയിപ്പോൾ ഓസോൺ പാളിയ്ക്ക് തുളയിട്ടവരെല്ലാം കൂടി ആഗോളതാപനക്കാരെ പറ്റിച്ചതാണോ’?.
ഒറ്റനിമിഷം കൊണ്ട് ഉദയനും മുരളിയും കൂടി അന്തരീക്ഷം വീണ്ടെടുത്തു, അപ്പോഴേക്കും ചായയുമായി എത്തിയ കല ഇടയിൽ കയറി.
‘ഹേമേ, ഒരുവട്ടം കൂടി ആലോചിച്ചിട്ട് പോരേ’?.
ഒന്നും മനസ്സിലാകാതെ ഞാനും മുരളിയും പരസ്പരം നോക്കി. ഞങ്ങൾ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് ഹേമ മറുപടി പറഞ്ഞു.
‘ഞാൻ നമ്മുടെ സന്ധ്യയുടെ മകളെ കൂടെ കൊണ്ടുപോകാനാണ് വന്നത്’.
‘ഏത് സന്ധ്യ’?.
ചോദ്യം ശ്രദ്ധിക്കാതെ ഹേമ തുടർന്നു.
‘സന്ധ്യ പോയെങ്കിലും അവളുടെ മകളെ ഒറ്റയ്ക്കാക്കാൻ എനിക്ക് പറ്റില്ല, അതും വീൽച്ചെയറിലായിപ്പോയ ഒരു പെൺകുട്ടിയെ’..
‘ഹേമേ, നീയെന്തെക്കെയാണ് ഈ പറയുന്നത്. ഞങ്ങളെ വിളിച്ചു വരുത്തി ഇവിടെ വരെ കൊണ്ടുവന്നത് ഒരു പെൺകുട്ടിയെ കൂടെ കൊണ്ടുപോകാനാണെന്ന് പറയുമ്പോൾ, മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ പറ’.
ഹേമ മറുപടി പറയുന്നതിന് മുൻപ് ഉദയൻ ഇടപെട്ടു.
‘സന്ധ്യ നമ്മുടെ കോളേജിൽ പഠിച്ച കുട്ടിയാണ്, അവൾ ഈയടുത്ത് കോവിഡ് ബാധിച്ചു മരിച്ചു. അവൾക്ക് ഒരു മകളുണ്ട്, സുകൃതി. ആ കുട്ടിയെ നിങ്ങളറിയും, കഴിഞ്ഞ വർഷം പരീക്ഷയ്ക്കായി കോളേജിൽ പോയ ഒരു പെൺകുട്ടിയെ അവളുടെ ബോയ്ഫ്രണ്ട് കോളേജിന്റെ രണ്ടാമത്തെ നിലയിൽ നിന്നും തള്ളിയിട്ടത് വലിയ വാർത്തയായിരുന്നല്ലോ. ആ കുട്ടിയാണ് സുകൃതി’.
‘സന്ധ്യ മരിച്ചതോടെ വീൽച്ചെയറിലായിപ്പോയ ആ കുട്ടിയുടെ കാര്യം കഷ്ടത്തിലായി, ഞങ്ങളുടെ മകളുടെ കൂട്ടുകാരിയാണ്. അവളുടെ കല്ല്യാണത്തിന് ഞങ്ങൾ പോയി കൊണ്ടുവന്നിരുന്നു. അന്നാണ് ഹേമ അവളെ കണ്ടത്, ഞങ്ങൾ അവളെ കൂടെ കൊണ്ടുവന്ന് നിറുത്തുന്നതിനെ കുറിച്ചു സംസാരിച്ചിരുന്നു. അവളുടെ അച്ഛനും എതിർപ്പില്ല, സന്ധ്യ മരിച്ചതോടെ അയാൾക്ക് ഒറ്റയ്ക്ക് മകളെ നോക്കാൻ കഴിയാത്ത അവസ്ഥയാണ് മാത്രമല്ല ബന്ധുക്കളെല്ലാം കൈയൊഴിഞ്ഞു’.
ഇത്രയും പറഞ്ഞിട്ട് കല അകത്തേക്ക് കയറിപ്പോയി.
‘എനിക്ക് ആരെയും നോക്കാനില്ല, ഞാൻ അവളെ എന്റെ മകളായിട്ട് കൂട്ടികൊണ്ട് പോകാൻ പോകുന്നു. എന്റെ മക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട് അവർക്ക് സന്തോഷമാണ്, എനിക്കത് മതി’.
ഹേമ ആരോടെന്നില്ലാതെയാണ് പറഞ്ഞത്, എങ്കിലും കൂടുതൽ തർക്കത്തിന് ആരും നിൽക്കണ്ട എന്നൊരു സൂചന അവളുടെ വാക്കുകളിലുണ്ടായിരുന്നു.
സന്ധ്യയുടെ വീട്ടിൽ എത്തുമ്പോൾ സുകൃതിയും അവളുടെ അച്ഛനും മാത്രമാണുണ്ടായിരുന്നത്.
മകളെ വിട്ടുനൽകുന്നതിൽ അയാൾക്ക് ഏതൊരു ബുദ്ധിമുട്ടുമുള്ളതായി തോന്നിയില്ല. അയാളുടെ നിസ്സഹായതയാണോ അയാൾ അവളെ ഒഴിവാക്കുന്നതാണോയെന്ന് മനസ്സിലാക്കാൻ കഴിയുന്നതരത്തിലുള്ളതായിരുന്നില്ല അയാളുടെ മുഖം. നിർജ്ജീവമായ മുഖത്ത് ഏതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അയാൾ സുകൃതിയെ എടുത്തുകൊണ്ട് വന്നു കാറിലേക്ക് കയറ്റിയത്.
യാത്ര പറഞ്ഞിറങ്ങുമ്പോഴും അയാൾ പിടിതരാതെ പിറകിലേക്ക് നടന്നു.
കാറിന്റെ പിൻസീറ്റിൽ സുകൃതിയെ ചേർത്തുപിടിച്ചു ഹേമ ഇരുന്നു. വണ്ടി റോഡിലേക്കിറങ്ങിയപ്പോഴും ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.
ശ്രീകാര്യം കഴിഞ്ഞു വണ്ടി നഗരത്തിന്റെ തിരക്കിലേക്ക് കയറി.
കാറിനുളളിലെ കണ്ണാടിയിലൂടെ ഞാൻ പിന്നിലേക്ക് നോക്കി, അവിടെ ഹേമ കിനാവള്ളിയായി മാറി സുകൃതിയെ വരിഞ്ഞു മുറുകിയിരിക്കുന്നു. അവളുടെ കെട്ടുപിണഞ്ഞ കാലുകൾ ഓരോന്നായി നീണ്ടുവന്നു എന്നെയും മുരളിയേയും വലയം ചെയ്യുന്നു.
ഇടത്തേ ചെവിയുടെ അരികിൽ ഹേമയുടെ നേർത്ത ശബ്ദം.
‘ഞാൻ എന്നെയാണ് തിരിച്ചെടുത്തത്, ഇവൾ എന്റെ കിനാവള്ളിയാകും’.
ദിലിപ്രസാദ് സുരേന്ദ്രൻ
No Comments