25 Apr ആഷിയുമ്മയുടെ പലഹാരക്കട
മുളംകുറ്റിയിൽ പുട്ടുണ്ടാക്കുന്നത് കാണാൻ തുടങ്ങിയതെന്ന് മുതലാണെന്ന് കൃത്യമായി ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ..
ആഷിയുമ്മയുടെ അടുക്കളയിലെ പലതരം പലഹാരക്കൂട്ടത്തിലാണ് ആദ്യമായി മുളംകുറ്റിയിലെ പുട്ട് കണ്ടത്.
അമ്മയുടെ വീട് പൂജപ്പുരയ്ക്കും കരമനയ്ക്കും ഇടയിലുള്ള കുഞ്ചാലുംമൂട് എന്ന സ്ഥലത്താണ്, കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ കുഞ്ചാലുംമൂട്ടിൽ നിന്നും തമലത്തേക്ക് പോകുന്ന വഴിയിലെ കയറ്റം കയറി ആദ്യത്തെ പൈപ്പിന്റെ ചുവടിന് മുന്നിലൂടെയുള്ള വഴി ചെന്നിറങ്ങുന്ന ലക്ഷ്മിവിളാകം, അതാണ് സ്ഥലം.
അവിടെ അമ്മയുടെ കുടുംബവീടിന് മുകളിലായിട്ടാണ് ആഷിയുമ്മയുടെ വീട്, സ്വന്തം വീടിന്റെ അടുക്കളയിൽ പലതരം പലഹാരങ്ങളുണ്ടാക്കി വിൽക്കലായിരുന്നു അവരുടെ വരുമാനമാർഗ്ഗം. അപ്പവും പുട്ടും ഒറട്ടിയും ഇടിയപ്പവും ദോശയും കറികളുമെല്ലാം പടർത്തുന്ന ഹൃദ്യമായ സുഗന്ധമായിരുന്നു ആ അടുക്കളയുടെ അടയാളം.
രാവിലെ വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളെക്കാളും ആഷിയുമ്മയുണ്ടാക്കുന്ന പലഹാരങ്ങളോടായിരുന്നു പ്രീയം, ഇരുപത്തഞ്ച് പൈസയും അൻപത് പൈസയും ഒരു രൂപയുമെല്ലാമായിട്ട് എത്രയോ നാൾ ആ അടുക്കളയുടെ മണങ്ങളിൽ ലയിച്ചു നിന്നിട്ടുണ്ടെന്നോ.
ഇരുമ്പ് ചട്ടിയിലും ദോശക്കല്ലിലും മാവ് കോരിയൊഴിക്കുന്ന പൊരുപൊരുന്ന ശബ്ദത്തോടൊപ്പം, തേങ്ങ ചിരണ്ടുകയും, ചെറിയുള്ളി അരിയുകയുകയും, അമ്മിക്കല്ലിൽ അരയ്ക്കുകയും, ചമ്മന്തി താളിക്കുകയും ചെയ്യുകയും, അപ്പമോ ദോശയോ ഒന്നുപോലും കരിയാതെ ഇളക്കിയെടുത്ത് മുറത്തിലേക്ക് അടുക്കി വെയ്ക്കുകയും ചെയ്തിരുന്ന രുചിവിരുതിന്റെ പേരാണ് ശരിക്കും ആഷിയുമ്മ.
അവിടെ നിന്നാണ് പുട്ടുകളുടെ രുചികളുമായി ചങ്ങാത്തത്തിലായത്, രണ്ടുതരം പൂട്ടുകൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്, അരിപ്പുട്ടും, മണിപ്പൂട്ടും. അരിപ്പുട്ട് നിറയെ തേങ്ങയൊക്കെ ചേർത്തുണ്ടാക്കുന്ന തുമ്പപ്പൂ നിറത്തിലെ സുന്ദരൻ, മണിപ്പുട്ട് ആളിത്തിരി വ്യത്യസ്തനാണ്. ഇടിയപ്പം പിഴിയുന്ന സേവനാഴിയുടെ വലിപ്പം കൂടിയ അച്ചിലൂടെ പിഴിഞ്ഞെടുക്കുന്ന വലിപ്പമേറിയ നാരുകൾ കൊണ്ടുണ്ടാക്കുന്ന അഭ്യാസിയായിരുന്നു മണിപ്പുട്ട്.
മണിപ്പുട്ട് പിഴിയുന്ന കാഴ്ചയാണ് രസകരം, മരം കൊണ്ടുള്ള സ്റ്റൂളിന്റെ മധ്യത്ത് സേവനാഴി വെയ്ക്കാൻ പാകത്തിലൊരു ദ്വാരമുണ്ടായിരുന്നു. സേവനാഴിയിൽ മാവ് നിറച്ച് സ്റ്റൂളിൽ വെച്ചിട്ട് അതിന് മുകളിൽ മറ്റൊരു തടിക്കഷണം കൊണ്ട് വെയ്ക്കും, അതിനും മുകളിൽ ആഷിയുമ്മയുടെ മക്കളിലാരെങ്കിലും ഇരിക്കും, അതോടെ സേവനാഴിയിൽ നിന്ന് മാവ് വടിപോലെ താഴേക്ക് ഊർന്നിറങ്ങും.
ഏറ്റവും രസകരം, മാവ് വടിയായി മുറത്തിലേക്ക് വീഴുന്നതിനൊപ്പം വേഗത്തിൽ അതിനിടയിൽ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാനായി അരിപ്പൊടി വിതറുന്ന, പിന്നെ പുട്ടുകുറ്റിയിലേക്ക് ആ അരിമാവിന്റെ വടികൾ നിറച്ച് തേങ്ങയും വിതറി പുട്ടുകുടത്തിലേക്ക് വെയ്ക്കുന്ന ആഷിയുമ്മയുടെ കൃത്യതയുള്ള വേഗതയാണ്.
ആ പുട്ടിന്റെ രുചി രഹസ്യം ആഷിയുമ്മയുടെ കൈയാണെന്ന് പറയുമ്പോൾ ആഷിയുമ്മ പറയും അതാ മുളംകുറ്റിയിലെ ജിന്നാണെന്ന്. ജിന്ന് രക്ഷപ്പെടാതിരിക്കാനാണ് കയറ് കൊണ്ട് മുളംകുറ്റിയെ വരിഞ്ഞു കെട്ടിയിരിക്കുന്നതെന്ന്, രണ്ടായാലും മൺകുടത്തിൽ കയറുവരിഞ്ഞ മുളംകുറ്റി തലയിലൂടെ ആവി പറത്തുന്നത് കാണുമ്പോൾ അറിയാതെ മൂക്കുകൾ വിടരും, പുട്ടിന്റെ മണം പൊടിവിടാതെ ആവാഹിച്ചെടുക്കാൻ.
വീടിന്റെ അടുക്കള പലഹാരക്കടയാക്കിയ ആഷിയുമ്മയുടെ രുചിലോകം ഇപ്പോഴില്ല, എഫ് ബിയിൽ പലതരം പലഹാരങ്ങളുമായി ഹോംഷെഫുകൾ കളം നിറയുമ്പോൾ പലപ്പോഴും അവർക്കിടയിൽ മുളംകുറ്റിയും ആവി പറക്കുന്ന മണിപ്പൂട്ടുമെല്ലാം തിരഞ്ഞിട്ടുണ്ട്. ആ രുചിയും മണവും വേഗതയുമായി എവിടെയെങ്കിലും ആഷിയുമ്മമാർ ഉണ്ടാകുമായിരിക്കും.
എന്നാലും ആഷിയുമ്മയും ആ മുളംകുറ്റിയിലെ പുട്ടും !..
#ഭൂതകാലപുരാണങ്ങൾ.
No Comments